ഒന്നാം ക്ലാസില്‍ പരീക്ഷയ്ക്ക് ഇനി മാര്‍ക്ക്‌ നല്‍കില്ല പകരം സ്മൈലികള്‍ മാത്രം

മധ്യപ്രദേശിലാണ് ഒന്നാം ക്ലാസ്സിലും രണ്ടാംക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ പ്രോഗ്രസ്സ് കാർഡിൽ മാര്‍ക്കിന് പകരം സ്‌മൈലി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രൈമറി സ്‌കൂളുകളുടെ പാഠ്യ പദ്ധതി തയ്യാറാക്കുന്ന രാജ്യ ശിക്ഷാ കേന്ദ്രയുടേതാണ് തീരുമാനം. “ഒന്നാം ക്ലാസ്സു മുതലേ മത്സര ബുദ്ധിയോടെ പഠിക്കാനും മാര്‍ക്ക് വാങ്ങാനും രക്ഷിതാക്കള്‍ കുട്ടികളെ നിര്‍ബന്ധിക്കുകയാണ്. അതിനാലാണ് ഈ തീരുമാനം. പ്രവൃത്തി പരിചയ പുസ്തകത്തിന്റെയും വാചാപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഒന്നും രണ്ടും ക്ലാസ്സുകളിലെ കുട്ടികളുടെ മികവ് വിലയിരുത്തുക. പക്ഷെ ഒരു കാരണവശാലും മാര്‍ക്ക് നല്‍കില്ല എന്നും രാജ്യ ശിക്ഷ കേന്ദ്ര ഡയറക്ടര്‍ ലോകേഷ് ജാദവ് പറയുന്നു.

പഠിക്കാന്‍ കുട്ടി താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ രണ്ട് സ്‌മൈലികള്‍ നല്‍കും. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയില്‍ മുന്നേറേണ്ടതുണ്ടെങ്കില്‍ ഒരു സ്മൈലി നല്‍കുമെന്നും അദ്ധേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും തീരുമാനങ്ങളും എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അയച്ചിട്ടുണ്ടെന്നും അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഇതു നടപ്പിലാക്കി തുടങ്ങുമെന്നും ജാദവ് പറയുന്നു.