ഫോണ്‍കെണി കേസ്; എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി

തിരുവനന്തരപുരം:ഹണി ട്രാപ്പ് കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഔദ്യോഗിക വസതിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണി കേസിലെ പ്രതിയായ യുവതി നല്‍കിയ പരാതിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. എന്നാല്‍ പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തക കഴിഞ്ഞ ദിവസം മൊഴി മാറ്റിയിരുന്നു. ഫോണില്‍ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍വെച്ച് മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരി മൊഴി നല്‍കിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് മൊഴി നല്‍കിയത്.

അതേസമയം ഫോണ്‍കെണിക്കേസില്‍ വിധി അനുകൂലമായാല്‍ എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി മടങ്ങി വരുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചിരുന്നു. എത്രയും വേഗം തീരുമാനമുണ്ടാകുമെന്നും പീതാമ്പരന്‍മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു.