സ്ത്രീയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി തുടങ്ങി പോലീസുകാരനെ പ്രണയിച്ചു പറ്റിച്ച യുവാവിനെ പോലീസുകാരന്‍ വെടിവെച്ചുകൊന്നു

ഫേസ്ബുക്ക് തുറന്നാല്‍ യതാര്‍ത്ഥ വ്യക്തികളെക്കാള്‍ വ്യാജന്മാരാണ് കൂടുതലും. പെണ്‍കുട്ടികളുടെ പേരിലും പ്രശസ്ത വ്യക്തികളുടെ പേരിലും വ്യാജ ഐ ഡി ഉണ്ടാക്കുന്നവര്‍ ഏറെയാണ്‌ നമ്മുടെ ഇടയില്‍. ബിസിനസ് ആവശ്യങ്ങള്‍ക്കും അതുപോലെ മറ്റുള്ള ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും ഇത്തരത്തില്‍ വ്യാജ ഐ ഡി ഉപയോഗിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ മറ്റുള്ളവരെ വഞ്ചിക്കുവാനും തട്ടിപ്പ് നടത്തുവാനും വ്യാജന്മാരെ കൂട്ടു പിടിക്കുന്നവരും ഏറെയാണ്‌. അത്തരത്തില്‍ ഫെയ്‌സ്ബുക്കില്‍ സ്ത്രീയുടെ പേരില്‍ അക്കൗണ്ട് നിര്‍മിച്ച് പോലീസുകാരനെ പറ്റിക്കാന്‍ നോക്കിയ യുവാവിന് നഷ്ടമായത് സ്വന്തം ജീവന്‍.

തമിഴ്‌നാട്ടിലെ വിരുതുനഗറിലാണ് സംഭവം. ചെന്നൈയില്‍നിന്നുള്ള കണ്ണന്‍ കുമാര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളാണ് ഫെയ്‌സ്ബുക്കിലൂടെ സ്ത്രീയായി നടിച്ച് തന്നെ പ്രണയിച്ച് വഞ്ചിച്ച പുരുഷനെ വെടിവച്ച് കൊലപ്പെടുത്തിയത്. അയ്യനാര്‍ എന്ന ബി എഡ് വിദ്യാര്‍ഥിയാണ് കണ്ണന്‍ കുമാറിനെ കബളിപ്പിച്ചത്. സ്ത്രീയുടെ പേരില്‍ അയ്യനാര്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുകയും കണ്ണന്‍ കുമാറുമായി ബന്ധം സ്ഥാപിക്കുകയുമായിരുന്നു. കണ്ണനില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു അയ്യനാരുടെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്.

ഫേസ്ബുക്ക് ചാറ്റിലൂടെ അടുത്തതിനെ തുടര്‍ന്ന്‍ നേരില്‍ കാണണം എന്ന ആഗ്രഹവുമായി തന്‍റെ കാമുകിയെ കാണുവാന്‍ എത്തിയ സമയമാണ് താന്‍ ചതിക്കപ്പെട്ടതായി കണ്ണന്‍ കുമാറിന് മനസിലായത്. നേരില്‍ കാണാം എന്ന് സമ്മതിച്ച ശേഷം അയ്യനാര്‍ വ്യാജ ഐ ഡി ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ കണ്ണന്‍ എന്നാല്‍ തന്റേതായ രീതിയില്‍ അന്വേഷണം നടത്തുകയും താന്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കുകയുമായിരുന്നു. വിഷാദത്തിന് അടിമപ്പെട്ട ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നു. ആശുപത്രിയിലായ തന്നെ കാണാനെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് അയ്യനാരെ കൊലപ്പെടുത്താന്‍ കണ്ണന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അയ്യനാരെ കണ്ണനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയും വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. കൂട്ടുപ്രതികളായ സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.