നടിയെ ആക്രമിച്ച കേസ് ; തെളിവുകളുടെ പട്ടിക ദിലീപിന് കൈമാറാന്‍ കോടതി നിര്‍ദേശം

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടക്കേസില്‍ കേസിന്റെ വിചാരണയില്‍ ഉപയോഗിക്കുന്ന തെളിവുകളുടെ പട്ടിക പ്രതിഭാഗത്തിന് നല്‍കണമെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. തെളിവുകളുടെ പട്ടിക പ്രതിഭാഗത്തിന് ബുധനാഴ്ച കൈമാറാനാണ് കോടതി നിര്‍ദേശം. വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ നിരവധി തെളിവുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പട്ടിക പ്രതിഭാഗത്തിന് കൈമാറണമെന്നാണ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് ഇന്ന് കോടതിയില്‍ മറ്റൊരു തിരിച്ചടി കൂടി നേരിട്ടു. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ അടുത്തിടെ മൊഴിമാറ്റിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം. ഈ ഹര്‍ജി കോടതി തള്ളി.

കേസില്‍ 254 തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതില്‍ 95 തെളിവുകള്‍ നേരത്തെ ദിലീപിന്റെ അഭിഭാഷകന് കൈമാറിയിരുന്നു. ബാക്കി കൂടി വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ദിലീപ് പ്രധാനമായും ആവശ്യപ്പെട്ടത് ആക്രമണ ദൃശ്യത്തിന്റെ പകര്‍പ്പായിരുന്നു. അത് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടെയും പകര്‍പ്പ് പ്രതിഭാഗത്തിന് കൈമാറേണ്ടതാണെന്ന് കോടതി വാക്കാന്‍ അഭിപ്രായപ്പെട്ടെന്ന് റിപ്പോര്‍്ട്ടില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോള്‍ രേഖകളും അടക്കമുള്ള തെളിവുകളുടെ പട്ടികകൈമാറണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഒരു തരത്തില്‍ പ്രോസിക്യൂഷന്‍ വാദത്തിന് തിരിച്ചടിയാണ് കോടതി നിര്‍ദേശം. കേസിലെ നിര്‍ണായക തെളിവുകള്‍ പ്രതിഭാഗത്തിന് കിട്ടിയാല്‍ ദുരുപയോഗം ചെയ്യുമെന്നാണ് പ്രോസിക്യൂഷന്‍ വാദം.