എ കെ ശശീന്ദ്രന് ഒരു മാധ്യമ പ്രവര്‍ത്തകന്റെ തുറന്ന കത്ത്

ഫോണ്‍ കെണിക്കേസില്‍ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടമാവുകയും തുടര്‍ന്ന് കേസ് പരാതിക്കാരി ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്ന് കറ്റവിമുക്തനാക്കപ്പട്ടു വീണ്ടും മന്ത്രിയാകുവാന്‍ തയ്യാറാകുന്ന മുന്‍ മന്ത്രി എ കെ ശശീന്ദ്രന് ഒരു മാധ്യമപ്രവര്‍ത്തകന്റെ തുറന്ന കത്ത്. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുകൊണ്ടുവന്ന മംഗളം ചാനലിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ആയ പ്രദീപ് ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കത്തിലൂടെ ശശീന്ദ്രനോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്.

‘പരാതിക്കാരി’യുടെ പുതിയ നിലപാട് പ്രകാരം അങ്ങേയ്‌ക്കെതിരായ വാര്‍ത്ത ‘കളള വാര്‍ത്ത’ ആണ്

എന്നെ അന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രകാരം ഞാന്‍ അവതരിപ്പിച്ചത് 100% സത്യസന്ധമായ വാര്‍ത്ത. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത് ‘കളള വാര്‍ത്ത’ ആയി മാറിയിരിക്കുന്നു.

ഇനി അങ്ങ് മന്ത്രി ആകുമായിരിക്കും.

അങ്ങ് മന്ത്രി ആകണമെന്ന് ഞാനും അതിയായി ആഗ്രഹിക്കുന്നു കാരണം ഒരു മന്ത്രിക്ക് നീതി ലഭ്യമാക്കാന്‍ വളരെ വളരെ എളുപ്പമാണ്.. എന്ന് പ്രദീപ് പറയുന്നു. കൂടാതെ അങ്ങയുടെ രാജിയില്‍ കലാശിച്ച വാര്‍ത്തയുടെ സത്യ അസത്യങ്ങള്‍ എന്ത്? അത് ‘കളള വാര്‍ത്ത’ ആണോ? എന്നും അങ്ങേക്ക് വ്യക്തിപരമായി, പൊതു പ്രവര്‍ത്തകനെന്ന നിലയില്‍, കുടുംബനാഥനെന്ന നിലയില്‍, അങ്ങയുടെ കുടുംബത്തില്‍ പിറക്കും പിറക്കും തലമുറയ്ക്ക്, അങ്ങയുടെ പൂര്‍വികര്‍ക്ക്, ‘കളളവാര്‍ത്ത’ കൊണ്ട് കൊടിയ നാണക്കേട് ഉണ്ടായോ? എന്നും മന്ത്രി ആകുന്ന അങ്ങ് അങ്ങേയ്‌ക്കെതിരെ ‘കളള വാര്‍ത്ത’ സൃഷ്ടിച്ചവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കും? എന്നുമെല്ലാം കത്ത് അക്കമിട്ടു നിരത്തി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

സര്‍

ഫോണ്‍ കെണിയില്‍ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട വ്യക്തി ആണ് അങ്ങ്. അങ്ങേയ്‌ക്കെതിരെ തിരുവനന്തപുരം സി ജെ എം കോടതിയില്‍ സ്ത്രീ പീഡനത്തില്‍ നിലനിന്ന കേസ് പരാതിക്കാരി ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്ന് അങ്ങ് കറ്റവിമുക്തനാക്കപ്പട്ടു.

‘പരാതിക്കാരി’യുടെ പുതിയ നിലപാട് പ്രകാരം അങ്ങേയ്‌ക്കെതിരായ വാര്‍ത്ത ‘കളള വാര്‍ത്ത’ ആണ്

എന്നെ അന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രകാരം ഞാന്‍ അവതരിപ്പിച്ചത് 100% സത്യസന്ധമായ വാര്‍ത്ത. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത് ‘കളള വാര്‍ത്ത’ ആയി മാറിയിരിക്കുന്നു.

ഇനി അങ്ങ് മന്ത്രി ആകുമായിരിക്കും.

അങ്ങ് മന്ത്രി ആകണമെന്ന് ഞാനും അതിയായി ആഗ്രഹിക്കുന്നു കാരണം ഒരു മന്ത്രിക്ക് നീതി ലഭ്യമാക്കാന്‍ വളരെ വളരെ എളുപ്പമാണ്..

2017 മാര്‍ച്ച് 26 ന് അങ്ങ് മന്ത്രി സ്ഥാനം വലിച്ചെറിഞ്ഞത് രാഷ്ട്രീയ ധാര്‍മ്മികതയില്‍ വിശ്വസിച്ചായിരുന്നു. അതു കൊണ്ടു തന്നെ ഞാന്‍ അങ്ങയെ അന്ന് ഏറെ ബഹുമാനിച്ചു, അങ്ങയുടെ രാജി നിലപാടിനെ ഏറെ ആദരവോടെ കണ്ടു,, വാര്‍ത്തയ്ക്ക് കാരണമായ അങ്ങയുടെ ചെയ്തിയില്‍ ഏറെ ഏറെ വിയോജിപ്പുണ്ടായിരുന്നപ്പോഴും..

അങ്ങയുടെ രാജിക്ക് കാരണമായ വാര്‍ത്ത ഞാന്‍ ശക്തമായി അവതരിപ്പിച്ചതും 100% മാധ്യമ ധാര്‍മ്മികതയില്‍ ഉറച്ചു നിന്നുകൊണ്ടാണ്. മനസാ വാചാ കര്‍മ്മണ ഒരു കളളവും ഇല്ലാതെ, അവതാരകനായ എന്നെ പറഞ്ഞു വിശ്വസിപ്പിച്ച കാര്യങ്ങള്‍, അത് സത്യസന്ധമായി അവതരിപ്പിച്ചു. തൊഴില്‍ ധര്‍മ്മത്തില്‍ 100% ഉറച്ചു നിന്നു കൊണ്ട്.

അങ്ങേയ്‌ക്കെതിരായ ‘പീഡനക്കേസ്’ ഒത്തുതീര്‍പ്പിലെത്തുമ്പോള്‍ ഇന്ന് ഒട്ടനവധി സംശയങ്ങള്‍, ഒട്ടനവധി ചോദ്യങ്ങള്‍ ശക്തമായി ഉയരുന്നു.

1. അങ്ങയുടെ രാജിയില്‍ കലാശിച്ച വാര്‍ത്തയുടെ സത്യ അസത്യങ്ങള്‍ എന്ത്? അത് ‘കളള വാര്‍ത്ത’ ആണോ?

2. സംസ്ഥാനത്തെ എ കെ ശശീന്ദ്രന്‍ എന്ന മന്ത്രിയെ കെണി വച്ചു പിടിച്ചത് ആര്?

3. അങ്ങ് ചതിക്കപ്പെട്ടതാണോ? എങ്കില്‍ ആരാല്‍?

4. അന്ന് അങ്ങയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദം ആരുടേത്?

5. അങ്ങയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദത്തോട് സംസാരിച്ച ശബ്ദത്തിന് ഉടമ അര്?

6. അങ്ങയെ പോലെ ബഹുമാന്യനായ, സമ്മുന്നതനായ ഒരു മന്ത്രി, രാഷ്ട്രീയ നേതാവ്, ‘കളള വാര്‍ത്ത’ യാല്‍ അപഹസിക്കപ്പെട്ടോ?

7. അങ്ങേക്ക് വ്യക്തിപരമായി, പൊതു പ്രവര്‍ത്തകനെന്ന നിലയില്‍, കുടുംബനാഥനെന്ന നിലയില്‍, അങ്ങയുടെ കുടുംബത്തില്‍ പിറക്കും പിറക്കും തലമുറയ്ക്ക്, അങ്ങയുടെ പൂര്‍വികര്‍ക്ക്, ‘കളളവാര്‍ത്ത’ കൊണ്ട് കൊടിയ നാണക്കേട് ഉണ്ടായോ?

8. NCP എന്ന ദേശീയ പാര്‍ട്ടിക്ക് അങ്ങേയ്‌ക്കെതിരായ ‘കളള വാര്‍ത്ത’ കാരണം ചരിത്രപരമായ നാണക്കേട് ഉണ്ടായോ?

9. അങ്ങനെ എങ്കില്‍ ആ ‘കളള വാര്‍ത്ത’ സൃഷ്ടിച്ച കുബുദ്ധികള്‍ ആര് ? കുത്സിത മനസുകള്‍ ആര്?

10. മന്ത്രി ആകുന്ന അങ്ങ് അങ്ങേയ്‌ക്കെതിരെ ‘കളള വാര്‍ത്ത’ സൃഷ്ടിച്ചവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കും?

11. അങ്ങേയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന ‘കളള വാര്‍ത്ത’ സൃഷ്ടിച്ചവര്‍ക്കെതിരെ ‘ഒരു രൂപ’ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമോ?

12. ‘കളള വാര്‍ത്ത’യിലെ ശബ്ദങ്ങള്‍ പരിശോധിച്ച് സത്യം പൊതുസമൂഹത്തില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമോ?

13. വസ്തുതകള്‍ സത്യസന്ധമായി അറിയാന്‍ എന്നെ പോലെ അങ്ങേയ്ക്കും രാജ്യത്തെ പൊതുസമൂഹത്തിനും അതിയായ ആഗ്രഹമുണ്ട്. ആയതിനാല്‍ ഈ കേസിലെ നിഗൂഢതകള്‍, ഒത്തുകളികള്‍, ഗൂഡാലോചനകള്‍, നീക്കി കിട്ടാന്‍ സത്യസന്ധമായ കാര്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍, നീതിമാനായ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്,, ഡോക്കറ്റ് നമ്പര്‍ ഇതാണ് ….

Docket Number CM Office G 180103358

ഈ പരാതി മുക്കാന്‍ അണിയറ നീക്കം തകൃതിയായി നടക്കുന്നുവെന്ന് അറിയുന്നു. അതിനെ അതിജീവിച്ച് അങ്ങ് പരാതിയെ പിന്തുണയ്ക്കുമോ? തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മുന്‍കൈ എടുക്കുമോ?

14. സത്യസന്ധമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച വാര്‍ത്ത അവതരിപ്പിച്ച ഞാന്‍ കേസില്‍ പ്രതി ആക്കപ്പെട്ടു. അങ്ങേയ്ക്കും കുടുബത്തിനും എന്ന പോലെ എനിക്കും കൂടുംബത്തിനും ഒരുപാട് കഷ്ട നഷ്ടങ്ങള്‍ ഉണ്ടായി. നീതികേട് ഉണ്ടായി.. പരാതിക്കാരി പരാതി പിന്‍വലിച്ച് പോകുമ്പോള്‍ ചരിത്രത്തില്‍ ‘കളള വാര്‍ത്ത’യുടെ പേറ്റന്റ് ചുമക്കുന്നത് ശരിയാണോ സര്‍?? യഥാര്‍ത്ഥ ഉത്തരവാദികള്‍ പുറത്തുവരട്ടെ സര്‍. അതിന് അങ്ങ് അങ്ങയാല്‍ കഴിയുന്ന എന്ത് നടപടി സ്വീകരിക്കും?

15. വളരെ ഏറെ കാര്യങ്ങള്‍ നേരിട്ട് അറിയാവുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് ഇന്ന് പലയിടത്തു നിന്നും ജീവന് ഭീഷണി ഉണ്ട്, മന്ത്രി ആകുന്ന അങ്ങ് എനിക്ക് വേണ്ടത്ര സുരക്ഷ ഒരുക്കുമോ?

സ്‌നേഹത്തോടെ,
നീതി തേടുന്ന ഒരു സാധാരണ മാധ്യമപ്രവര്‍ത്തകന്‍.