കിടാവിനെ കയറ്റിക്കൊണ്ടു പോയ ലോറിക്ക് പിന്നാലെ ഓടി അമ്മപ്പശു; ഹൃദയത്തെ തൊടുന്ന വീഡിയോ

ബെംഗളൂരു: ഒരു കളങ്കവുമില്ലാത്ത സ്‌നേഹം നമ്മോടു കാട്ടുന്ന ഒരേയൊരാള്‍ നമ്മുടെ അമ്മയല്ലാതെ മറ്റാരായാണ്. നൊന്ത് പെറ്റ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അമ്മമാരോളം കരുതലുളളത് മറ്റാര്‍ക്കാണ്?മൃഗങ്ങളുടെ കാര്യത്തിലും ഈ മാത്ര സ്‌നേഹം നാം ടെലിവിഷനിലൂടെയും മറ്റുംകാണാറുണ്ട്. അതുകൊണ്ടു തന്നെയാണ് തന്റെ പരിക്കേറ്റ കിടാവിനെയും കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ പോകുന്ന ഈ അമ്മപ്പശുവിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുന്നതും.

ഉത്തരകര്‍ണാടകയിലെ ഹവേരിയില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇവ.ജനുവരി 25-നാണ് ജയപ്രകാശ് നാരായണ്‍ ചൗക്കിലൂടെ ചികിത്സയ്ക്കായി ലോറിയില്‍ കൊണ്ടുപോകുന്ന രണ്ടരമാസം പ്രായമുള്ള കിടാവിനു പിന്നാലെ അമ്മപ്പശു ഓടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

അര കിലോമീറ്ററോളം ദൂരം അമ്മപ്പശു ലോറിയുടെ പിന്നാലെ ഓടി.ആ അമ്മപ്പശുവിന്റെ ഓട്ടം കണ്ടാല്‍ ഏവര്‍ക്കും മനസിലാക്കുക അമ്മമാരുടെ ഉറവ വറ്റാത്ത സ്‌നേഹത്തെത്തന്നെയാണ്.മുറിവും അതിനെ തുടര്‍ന്നുണ്ടായ ടെറ്റനസ് ബാധയും മൂലമാണ് കിടാവിനെ മൃഗാശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉടമസ്ഥന്‍ തീരുമാനിച്ചത്.

എന്‍ ഡി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുദിവസത്തെ ചികിത്സയ്ക്കു ശേഷം ജനുവരി 28 ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും കിടാവ് ആരോഗ്യനില വീണ്ടെടുത്തതായും ഹവേരി മൃഗാശുപത്രിയിലെ ഡോക്ടര്‍ എച്ച് ഡി സുന്നാകി പറഞ്ഞു.