തവളകള്‍ വംശനാശഭീഷണിയില്‍ ; മണവാട്ടി തവളകള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായി എന്നും റിപ്പോര്‍ട്ട്

രാജ്യത്തും സംസ്ഥാനത്തും തവളകള്‍ വംശനാശഭീഷണി നേരിടുകയാണ് എന്ന് ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. എസ്.ഡി.ബിജു. നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കണ്ടു വന്നിരുന്ന മണവാട്ടിത്തവള എന്ന വിഭാഗത്തിനെ കാണാനേയില്ല എന്നും അദ്ധേഹം പറയുന്നു. മുന്‍പ് മണവാട്ടിത്തവള വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. പക്ഷിയും മീനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്നത് തവളകളാണ്. ലോകത്ത് തവളകള്‍ 74 മുതല്‍ 78 ശതമാനം വരെ വംശനാശ ഭീഷണി നേരിടുമ്പോള്‍ ഇന്ത്യയില്‍ ഇത് 80 ശതമാനം വരെയാണ്. ലോകത്ത് 7014 ഇനം തവളകളുള്ളതില്‍ 412 ഇനം ഇനം ഇന്ത്യയിലാണ്.

ആവാസവ്യവസ്ഥയിലെ മാറ്റമാണ് തവളകളുടെ വംശനാശത്തിന് കാരണമാകുന്നത് എന്നും തണ്ണീര്‍ത്തടസംരക്ഷണമാണ് ഇവയെ സംരക്ഷിക്കാനുള്ള വഴിയെന്നും അദ്ധേഹം പറയുന്നു. തവളയെ പിടിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. കാട്ടിലെ ഉറവകളില്‍നിന്നുവരുന്ന വെള്ളം ശുദ്ധീകരിക്കുന്നത് തവളയാണ്. തവളയെ ഭക്ഷിക്കുന്നത് ഔഷധമാണെന്നതിന് ശാസ്ത്രീയ അടിത്തറയില്ല. മത്സ്യം, ഞണ്ട് എന്നിവയും വംശനാശ ഭീഷണിയിലാണ് എന്ന് വ്യക്തമാക്കിയ ബിജു മനുഷ്യന്‍തന്നെയാണ് ജീവജാലങ്ങളുടെ പ്രധാന ശത്രു എന്ന് പറയുന്നു. ബ്രണ്ണന്‍ കോളേജില്‍ ശാസ്ത്രകോണ്‍ഗ്രസില്‍ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. തവളകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. ബിജു കൊല്ലം കടക്കല്‍ സ്വദേശിയാണ്.