കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികള്‍ ശരീര പ്രദര്‍ശനം നടത്തുന്നു ; നിര്‍ഭയ കൊല്ലപ്പെടാന്‍ കാരണം ഭര്‍ത്താവല്ലാത്ത പുരുഷന്റെ കൂടെ ബസില്‍ യാത്രചെയ്തത് : ഒരു അധ്യാപികയുടെ കണ്ടുപിടിത്തം

രാജ്യത്ത് നടക്കുന്ന പീഡന കേസുകള്‍ക്ക് കാരണം സ്ത്രീകളുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്ക് ഉപയോഗവുമാണെന്ന വിവാദ പരാമര്‍ശവുമായി അധ്യാപിക. റായ്പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ സ്‌നേഹലത ശങ്കര്‍ എന്ന അധ്യാപികയാണ് വിവാദപരമായ പരാമര്‍ശം നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയെ അപമാനിക്കുന്ന തരത്തിലായിരുന്നു അധ്യാപികയുടെ കൗണ്‍സിലിങ് ക്ലാസ്. പാതിരാത്രി എന്തിനാണ് ഭര്‍ത്താവല്ലാത്ത ഒരു പുരുഷന്റെ കൂടെ നിര്‍ഭയ ബസില്‍ സഞ്ചരിച്ചതെന്നു അധ്യാപിക ചോദിക്കുന്നു.

നിര്‍ഭയയുടെ മരണത്തിന് കാരണം അവരുടെ അമ്മയുടെ ശ്രദ്ധകുറവാണെന്ന വിചിത്രവാദം നടത്തുന്ന അധ്യാപിക ഇങ്ങനെയൊക്കെ ചെയ്യുന്ന സ്ത്രീകള്‍ ശപിക്കപ്പെട്ടവരാണെന്നും പറഞ്ഞു. അവിടെ കൊണ്ടും തീര്‍ന്നില്ല കാണാന്‍ കൊള്ളാവുന്ന മുഖമില്ലാത്ത പെണ്‍കുട്ടികളാണ് ശരീരപ്രദര്‍ശനം നടത്തുന്നതെന്നും അധ്യാപിക പറഞ്ഞതായി കുട്ടികള്‍ പറയുന്നു. ഇവരുടെ ക്ലാസ്സ് ചില പെണ്‍കുട്ടികള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. പരാമര്‍ശത്തില്‍ ക്രുദ്ധരായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. പരാതി ലഭിച്ചതായി പ്രിന്‍സിപ്പാള്‍ സ്ഥിരീകരിച്ചെങ്കിലും അധ്യാപിക പറഞ്ഞത് ഒരു കളിതമാശമാത്രമായിരുന്നു എന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം.