സ്‌കാനിങ്ങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ചതിന്റെ പിന്നിലെ സത്യാവസ്ഥ

ദീപു മോഹന്‍

കഴിഞ്ഞ ദിവസം പല പ്രമുഖ മാധ്യമങ്ങളിലും വന്നൊരു വാര്‍ത്തയാണ് മുബൈയിലെ പ്രശസ്തമായ ഹോസ്പിറ്റലില്‍ MRI സ്‌കാനിങ്ങ് മെഷീനില്‍ കുടുങ്ങി ഒരു യുവാവ് മരിച്ചു എന്ന വാര്‍ത്ത. എന്നാല്‍ വാര്‍ത്ത വായിച്ച പലര്‍ക്കും എങ്ങനെ മരണം സംഭവിച്ചു എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉണ്ടാകും. എംആര്‍ഐ വളരെ സുരക്ഷിതമായ ഒരു സ്‌കാനാണെങ്കിലും ഇതിന്റെ അശ്രദ്ധമായ ഉപയോഗം ലോകത്താകമാനം ഇത്തരത്തിലുള്ള അപകടങ്ങള്‍ ചെറിയ അളവിലാണെങ്കിലും ഉണ്ടാക്കിയിട്ടുണ്ട്. എന്നതാണ് സത്യം.

ഇത്തരത്തിലുള്ള ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത് 2001ല്‍ ന്യൂയോര്‍ക്കില്‍ വച്ചാണ്. മൈക്കല്‍ കൊളംബിനി എന്ന ആറു വയസ്സുകാരനെ എംആര്‍ഐ സ്‌കാന്‍ ചെയ്യുന്നതിനുവേണ്ടി യന്ത്രത്തില്‍ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുവന്ന നേഴ്‌സ് അലൂമിനിയം കൊണ്ട് നിര്‍മ്മിച്ചതെന്നു കരുതപ്പെട്ട ഒരു ഓക്‌സിജന്‍ സിലിണ്ടറും കൂടെ കൊണ്ടു വന്നിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച സിലിണ്ടറായിരുന്നു. സ്‌കാന്‍ ചെയ്യാന്‍ കുട്ടിയെ കിടത്തിയ ഉടനെ ഓക്‌സിജന്‍ സിലിണ്ടര്‍ യന്ത്രത്തിനകത്തേക്കു കുതിക്കുകയും കുട്ടിയുടെ തലയില്‍ ചെന്ന് ഇടിക്കുകയും ചെയ്തു. ഇതില്‍ നിന്നേറ്റ പരിക്കുകളില്‍ നിന്ന് ആ ആറു വയസ്സുകാരന്‍ മരണപ്പെട്ടു.അതുകൊണ്ട് തന്നെ നമ്മുടെ നാട്ടില്‍ ഇന്ന് കൂടുതല്‍ വ്യാപകമായി ലഭ്യമായിക്കൊണ്ടിരിക്കുന്ന ഈ സ്‌കാനിനെ പറ്റി കൂടുതല്‍ അറിയാം. എന്തുകൊണ്ടാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത് എന്നു പരിശോധിക്കുകയും ചെയ്യാം.

1. എന്താണ് എംആര്‍ഐ സ്‌കാന്‍ ? മറ്റു സ്‌കാനുകളുമായി ഇതിനുള്ള വ്യത്യാസം എന്താണ് ?

ശരീരഭാഗങ്ങളുടെ ആന്തരിക ചിത്രങ്ങള്‍ ലഭിക്കാന്‍ നാമുപയോഗിക്കുന്ന സംവിധാനങ്ങളായ എക്‌സ് റേ, സിടി സ്‌കാന്‍ എന്നിവ അമിതമായാല്‍ ശരീരത്തിനു ദോഷം ചെയ്യുന്ന റേഡിയേഷന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളാണ്. എന്നാല്‍ ഇതില്‍നിന്നു തികച്ചും വ്യത്യസ്തമാണ് എംആര്‍ഐ സ്‌കാന്‍. അതിശക്തമായ ഒരു കാന്തം ഉപയോഗിച്ച് ശരീരത്തിന്റെ ആന്തരിക ഘടന കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എംആര്‍ഐ സ്‌കാന്‍ ഉപയോഗിക്കുന്നത്. ശരീരത്തിനു ഹാനികരമായ റേഡിയേഷനുകള്‍ ഒന്നും ഉപയോഗിക്കാത്തതിനാല്‍ സുരക്ഷിതമാണ് ഈ സ്‌കാന്‍.

2. അതിശക്തമായ കാന്തം എന്നു പറയുമ്പോള്‍ ?

സങ്കല്പാതീതമായ ശക്തിയാണ് എം.ആര്‍.ഐ യന്ത്രത്തിന്റെ കാന്തത്തിന്. ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ പതിനായിരക്കണക്കിനു മടങ്ങു ശക്തിയുണ്ട് ഈ യന്ത്രത്തിന്റെ കാന്തികക്ഷേത്രത്തിന്. ഭൗമോപരിതലത്തിലുള്ള ഭൂമിയുടെ കാന്തികക്ഷേത്രം വെറും മുപ്പതു മൈക്രോ ടെസ്ല ആണെങ്കില്‍ സാധാരണ കാണുന്ന ഒരു ഒന്നര ടെസ്ല (1.5 T) എംആര്‍ഐ യന്ത്രത്തിന് അതിന്റെ അമ്പതിനായിരം മടങ്ങു ശേഷിയുണ്ട്. ഇത്തരം ശക്തമായ കാന്തിക ക്ഷേത്രത്തില്‍ ശരീരത്തിലെ വെള്ളത്തിനു പോലും കാന്തികമായ അനുരണനങ്ങള്‍ ഉണ്ടാകും. ശരീരത്തിലെ വെള്ള-തന്മാത്രകളിലെ ഹൈഡ്രജന്‍ ആറ്റങ്ങളെ ശക്തമായ കാന്തികക്ഷേത്രം എങ്ങനെ സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കിയാണ് ഈ സ്‌കാന്‍ ശരീരത്തിന്റെ ആന്തരിക ഘടന തിരിച്ചറിയുന്നത്.

3 . അത്രയും ശക്തമായ കാന്തികക്ഷേത്രം ഉണ്ടെങ്കില്‍ പ്രശ്‌നമാകില്ലേ ?

കാന്തം ആകര്‍ഷിക്കുന്നതും കാന്തം ആകര്‍ഷിക്കാത്തതുമായ വസ്തുക്കള്‍ ഉണ്ട് എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. ശരീരം പോലെ കാന്തം ആകര്‍ഷിക്കാത്ത വസ്തുക്കളില്‍ ഈ കാന്തികക്ഷേത്രം തകരാറൊന്നും വരുത്തില്ല. എന്നാല്‍ കാന്തം ആകര്‍ഷിക്കുന്ന വസ്തുക്കളെ അതീവ ശക്തമായി ആകര്‍ഷിക്കാന്‍ ഈ യന്ത്രത്തിനു സാധിക്കും. ഇതാണ് ഈ യന്ത്രം മൂലമുള്ള പല അപകടങ്ങളിലേക്കും നയിച്ചിട്ടുള്ളത്.ഉദാഹരണത്തിന് ആശുപത്രികളില്‍ ഉപയോഗിക്കുന്ന കട്ടിലുകള്‍, ഉന്തു വണ്ടികള്‍, ഓക്‌സിജന്‍ സിലിണ്ടര്‍ തുടങ്ങി ഇരുമ്പില്‍ നിര്‍മിച്ച വസ്തുക്കളൊന്നും എംആര്‍ഐ സ്‌കാനറിന്റെ സമീപത്തേക്കു കൊണ്ടുവരാന്‍ പാടുള്ളതല്ല. അങ്ങനെ ചെയ്താല്‍ അതിവേഗത്തില്‍ ഇവ യന്ത്രത്തിനു നേരെ കുതിക്കുകയും ഇവയ്ക്ക് ഇടയില്‍ പെടുന്നവര്‍ക്ക് മാരകമായ പരിക്കേല്‍ക്കുകയും ചെയ്യും.

കൂടാതെ ഇത്തരത്തിലുള്ള വസ്തുക്കള്‍ യന്ത്രത്തില്‍ വന്നു പതിക്കുമ്പോള്‍ യന്ത്രത്തിനുണ്ടാകുന്ന തകരാറുകള്‍ മൂലവും അപകടം സംഭവിക്കാം. ഉയര്‍ന്ന അളവില്‍ വൈദ്യുതി പ്രവഹിക്കുന്ന യന്ത്രത്തിലെ കാന്തിക ചുരുളുകളില്‍ നിന്ന് വൈദ്യുതി പ്രവഹിക്കുകയോ തീപ്പിടുത്തം ഉണ്ടാവുകയോ ചെയ്യാം. ഈ കാന്തിക ചുരുളുകള്‍ അതിചാലകതയില്‍ (superconductivity) നിലനിര്‍ത്താന്‍ മൈനസ് 269 ഡിഗ്രി സെല്‍ഷ്യസില്‍ ഉള്ള ദ്രാവക ഹീലിയമാണ് ഉപയോഗിക്കുന്നത്. ഇതു യന്ത്രത്തിനു പുറത്തേക്ക് ലീക്ക് ചെയ്തും അപകടമുണ്ടാകാം.

ഇന്‍ഡക്ഷന്‍ കുക് ടോപ്പില്‍ വച്ചിരിക്കുന്ന പാത്രം ചൂട് പിടിക്കുന്നതു പോലെ എംആര്‍ഐ യന്ത്രത്തിന് അകത്തു കടക്കുന്ന ലോഹഭാഗങ്ങള്‍ക്കും ചൂടുപിടിക്കാം. ഇതു ഗുരുതരമായ പൊള്ളലേയ്ക്കു നയിക്കാനും സാധ്യതയുണ്ട്.

4. ഇത്തരത്തിലുള്ള അപകടങ്ങള്‍ തടയാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത് ?

അപകടങ്ങള്‍ തടയുന്നതിന് എംആര്‍ഐ യന്ത്രം വളരെ ഉയര്‍ന്ന സുരക്ഷയില്‍ കാന്തികതരംഗങ്ങള്‍ കടത്തിവിടാത്ത മുറിയിലാണ് സ്ഥാപിക്കുന്നത്. അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ള വസ്തുക്കളുടെ ഒരു ലിസ്റ്റ് ഈ മുറിക്ക് പുറത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. അവിടെ നില്‍ക്കുന്ന ടെക്‌നീഷ്യന്‍ ഈ വിവരങ്ങളെല്ലാം കൃത്യമായി രോഗിയെയും ബന്ധുവിനെയും ധരിപ്പിക്കുകയും ചെയ്യുന്നു. താക്കോല്‍, കോയിനുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങി എല്ലാ ലോഹ വസ്തുക്കളും മുറിയുടെ പുറത്ത് ഉപേക്ഷിക്കണം. ഒന്നും മറന്നു പോയിട്ടില്ല എന്നത് ഒരു മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്യും. മെഡിക്കല്‍ ഉപകരണങ്ങള്‍ എന്തെങ്കിലും രോഗിക്ക് ആവശ്യമുണ്ടെങ്കില്‍ എംആര്‍ഐ സ്‌കാനറിന്റെ അകത്ത് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ നിര്‍മിച്ച ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കും. അലൂമിനിയത്തില്‍ നിര്‍മിച്ച ഓക്‌സിജന്‍ സിലിണ്ടറുകളും ടൈറ്റാനിയം ഇമ്പ്‌ലാന്റുകളും മറ്റുമായി അത്തരത്തിലുള്ള ഉപകരണങ്ങള്‍ ഇന്നു ലഭ്യമാണ്.

5 . ശരീരത്തില്‍ വല്ല ലോഹവും പിടിപ്പിച്ച ആളാണെങ്കിലോ രോഗി ? ഉദാഹരണത്തിന് എല്ലിന് കമ്പിയിട്ട ആളോ മറ്റോ ആണെങ്കില്‍ ?

എല്ലിന്റെ ശസ്ത്രക്രിയയിലും മറ്റും ഉപയോഗിക്കുന്ന കമ്പികള്‍ പലതും എംആര്‍ഐ സ്‌കാനില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമായ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ളവയാണ്.ഇത്തരത്തിലുള്ള കമ്പികളാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ സുരക്ഷിതമായി സ്‌കാന്‍ എടുക്കാവുന്നതാണ്. എന്നാല്‍ കോക്ലിയര്‍ ഇംപ്‌ളാന്റുകള്‍, പെയ്‌സ് മേക്കര്‍, അപകടത്തിലോ യുദ്ധത്തിലോ മറ്റോ ശരീരത്തില്‍ കുടുങ്ങിപ്പോയ ലോഹ വസ്തുക്കള്‍ എന്നിവ ഉള്ളവരില്‍ എംആര്‍ഐ സ്‌കാന്‍ ചെയ്യാന്‍ സാധിക്കില്ല. ചെയ്താല്‍ അത് ഈ ഉപകരണങ്ങള്‍ തകരാറിലാകുന്നതിലേക്കോ ഗുരുതരമായ പരിക്കിലേക്കോ മരണത്തിലേക്കു വരെയോ നയിക്കാം. ഈയിടെയായി ശരീരത്തില്‍ പിടിപ്പിക്കുന്ന പല ലോഹ ഉപകരണങ്ങളും എംആര്‍ഐ ചെയ്താല്‍ തകരാറു വരാത്ത ടൈറ്റേനിയം പോലെയുള്ള ലോഹങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഉപകരണങ്ങളാണ് ശരീരത്തില്‍ ഉള്ളതെങ്കില്‍ സുരക്ഷിതമായി സ്‌കാന്‍ എടുക്കാവുന്നതാണ്.

വേണ്ട മുന്‍കരുതലുകള്‍ എടുത്താല്‍ ഏറ്റവും സുരക്ഷിതമായ സ്‌കാന്‍ സംവിധാനങ്ങളില്‍ ഒന്നാണ് എംആര്‍ഐ സ്‌കാന്‍. താരതമ്യേന പുതിയ സാങ്കേതിക വിദ്യയായതിനാല്‍ സുരക്ഷയെപ്പറ്റിയുള്ള ബോധവല്‍ക്കരണം ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പോലും വേണ്ടത്ര ലഭിക്കാത്തതാണ് അപകടങ്ങള്‍ക്കു കാരണമാകുന്നത്….