പ്രസ്താവന തള്ളി പിജെ ജോസഫ്, മാണി ത്രിശങ്കുവില്‍

കോണ്‍ഗ്രസ്സ് കര്‍ഷകരെ വഞ്ചിച്ചെന്ന കെ.എം. മാണിയുടെ പ്രസ്താവനയെ തള്ളി പി.ജെ.ജോസഫ്. ചെങ്ങന്നൂര്‍ ഇലക്ഷന്‍ പാര്‍ട്ടി കൂട്ടായി തീരുമാനമെടുക്കുമെന്നും പി.ജെ ജോസഫ്.
പി.ജെ.ജോസഫിന്റെ നേതൃത്വത്തില്‍ മോന്‍സും ജോസഫും ഒരു വിഭാഗം യുവനേതാക്കളും ശക്തമായി വെല്ലു വിളിക്കുമ്പോള്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തെ വെട്ടിനിരത്തി ജില്ലാ ഭാരവാഹികളെ കൂടെ നിര്‍ത്തിയാണ് ജോസ് കെ മാണി തിരിച്ചടിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പടെ എല്‍.ഡി.എഫു മായുള്ള സഹകരണം ജോസഫ് വിഭാഗത്തിന് കടുത്ത എതിര്‍പ്പുള്ളതാണ്.

എന്നാല്‍ കെ.എം. മാണിയുമായി ബന്ധപ്പെട്ട ബാര്‍ കോഴയും, മകനും പാര്‍ട്ടി വൈസ് ചെയര്‍മാനുമായ ജോസ് കെ മാണിക്കെതിരെ സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് സരിതയുടെ ആരാപോണവുമെല്ലാം നില നില്‍ക്കുമ്പോള്‍ ഭരണവും, വിജിലന്‍സും ഇപ്പോള്‍ കയ്യിലുള്ള എല്‍.ഡി.എഫുമായി സന്ധി ചെയ്യാതെ കെ എം. മാണിക്ക് മറ്റു മാര്‍ഗവുമില്ല.

ഇതിനു മുന്നോടിയായി ഒരു രാഷ്ട്രീയ നിലപാടെന്ന രീതിയില്‍ പൊതുജത്തെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയില്‍ കോണ്‍ഗ്രസ്സ് കര്‍ഷകരെ വഞ്ചിച്ചെന്ന കെ എം. മാണിയുടെ പെട്ടെന്നുള്ള തിരിച്ചറിവ്. എന്നാല്‍ കോണ്‍ഗ്രസ്സ് നേതൃത്വം കെ. എം. മാണിയുമായി ചര്‍ച്ചക്കായി ശ്രമം നടത്തുംമ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സും കെ.എസ്.യു ഉള്‍പ്പടെ പോഷക സംഘടന ഭാരവാഹികള്‍ ഇലക്ഷന്‍ കഴിയുന്നത് വരെ കൂടെ നിന്ന് പിന്നീട് ചതിച്ച ചതിയനായ കെ.എം.മാണി എന്ന നിലക്കാണ് സോഷ്യല്‍ മീഡിയയിലും സംഘടനാ യോഗങ്ങളിലും പരസ്സ്യമായി പ്രതികരിക്കുന്നത്.

വരുന്ന പാര്‍ലമന്റിലക്ഷന്‍ വരെ കാത്തിരുന്ന് കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ മകന്‍ ജോസ് കെ മാണി മത്സരിക്കുന്നതിന് മുന്നേ ബാര്‍ കോഴ, സോളാര്‍ എന്നിവയിലെല്ലാം എല്‍.ഡി.എഫ് ഭരണത്തിന്‍ കീഴില്‍ ക്‌ളീന്‍ ചീറ്റ് വാങ്ങി മുന്നണി പ്രവേശനത്തിന് സാവകാശം കാത്തിരുന്ന കെ എം. മാണിക്ക് ചെങ്ങന്നൂര്‍ ഇലക്ഷന്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. അവസരം മുതലെടുത്ത് കൃത്യസമയത്താണ് പിജെ ജോസഫിന്റെ പ്രതികരണവും വന്നിരിക്കുന്നത്.