“ഞാൻ തിരികെ വരേണ്ടി വന്നാൽ അണ്ണൻ ഇവിടെ കാണരുത്”

782 സമരം അവസാനിപ്പിച്ചു പോകുന്നതിനു മുൻപ് ശ്രീജിത്ത് യാത്ര പറയാനെത്തിയത് 406 ദിവസമായി
സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയുന്ന രുദ്രയുടെ കുടുംബത്തിന്റെ സമരപന്തലിലാണ്. SAT ആശുപത്രിയിൽ ഡോക്ടർമാരുടെ അനാസ്ഥമൂലം മരണപ്പെട്ട 4 അരമാസം മാത്രം പ്രായമുണ്ടായിരുന്ന രുദ്രയുടെ മാതാപിതാക്കളായ സുരേഷും രമ്യയും 3 വയസ്സുകാരിയായ സഹോദരി ദുർഗയുമാണ് ഇവിടെ നീതിക്കായി സമരം ചെയ്യുന്നത്.

രുദ്രയുടെ പിതാവായ സുരേഷിനോട് യാത്രപറയവെ സിബിഐ വിളിപ്പിച്ചുവെന്നും, അവരുമായി സഹകരിക്കാൻ തീരുമാനിച്ചുവെന്നും പറഞ്ഞു. അപ്പോൾ സുരേഷ് പറഞ്ഞത് ഇങ്ങനെ, “നിനക്കെങ്കിലും നീതി കിട്ടും, ഈ നരകത്തിൽ നിന്ന് നീ രക്ഷപെട്ടതിൽ സന്തോഷമുണ്ട്.” “ഞാൻ തിരികെ വരേണ്ടി വന്നാൽ അണ്ണൻ ഇവിടെ കാണരുത്.” എന്നുപറഞ്ഞ ശ്രീജിത്തിനെ കണ്ണീരോടെ കെട്ടിപ്പുണർന്ന് സുരേഷ് യാത്ര അയച്ചു.

ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി. സിബിഐ തിരുവനന്തപുരം ഓഫീസിൽ എത്തിയാണ് മൊഴി നൽകിയത്, ഡിവൈഎസ്പി CK അനന്തകൃഷ്ണൻ ആണ് അന്വേഷണ ചുമതല. ‘എത്തേണ്ട സ്ഥലത്തു എത്തിച്ചു’ അതുകൊണ്ടു ഇനി സമരം ചെയ്യുന്നതിൽ അർത്ഥമില്ല, അവരുമായി സഹകരിക്കും, സിബിഐയെ പൂർണ്ണമായി വിശ്വസിച്ചു കൊണ്ട് സമരം അവസാനിപ്പിക്കുന്നു എന്നാണ് സിബിഐ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശ്രീജിത്ത് പറഞ്ഞത്.

മഴയും മഞ്ഞും വെയിലുമേറ്റുകിടന്ന മരച്ചുവട്ടിൽ നിന്നുകൊണ്ട് തന്റെ സമരത്തിന് ഐക്യദാർദ്ധ്യം പ്രഖ്യാപിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. രണ്ടു കൊല്ലത്തിനുമേലുള്ള സഹവാസംകൊണ്ടു മരവുമായി കടുത്ത ആത്മബന്ധമാണ് ശ്രീജിത്തിനുണ്ടായത്, ഈ മരത്തെ പിരിയാൻ വിഷമമുണ്ട് എന്ന് മുൻപ് പറഞ്ഞിരുന്നു. ആ മരത്തിൽ ശ്രീജിത്ത് വരച്ച ശ്രീ ബുദ്ധന്റെ ചിത്രം തൂക്കിയിരുന്നത് പോകുമ്പോൾ അമ്മ ചുരുട്ടിയെടുക്കുണ്ടായിരുന്നു. സമരത്തിനിടയിൽ കഴുത്തു വെട്ടിയ ഒരു പ്ലാസ്റ്റിക് കുപ്പിയിൽ നട്ട ആൽമരം ശ്രീജിത്ത് കയ്യിലെടുത്തു, ആ മരം വീട്ടിൽ നടും എന്ന് പോകുമ്പോൾ ശ്രീജിത്ത് പറഞ്ഞു.