ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം

തിരുവനന്തപുരം:ഫോണ്‍ കെണിക്കേസില്‍ മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ സി ജെ എം കോടതി വിധിക്കെതിരെ തിരുവനന്തപുരം സ്വദേശി മഹാലക്ഷ്മി സമര്‍പിച്ച ഹര്‍ജിയിന്മേലാണ് കോടതി നിര്‍ദേശം.

കേസിന്റെ സാമൂഹികവും ധാര്‍മികവുമായ വശങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിന്റെ മുന്‍ഗണനാ ക്രമം തീരുമാനിക്കുന്നതിലെയും കേസ് തീര്‍പ്പാക്കുന്നതിലെയും നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി.എന്നാല്‍ പരാതിക്കാരിയുടെ വിലാസം പോലും വ്യക്തമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സര്‍ക്കാര്‍ നല്‍കുന്ന വിശദാംശങ്ങളില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തൈക്കാട് സ്വദേശിനി മഹാലക്ഷ്മി സമര്‍പ്പിച്ച ഹര്‍ജി നേരത്തെ തള്ളിയിരുന്നു.കേസുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്ന മാധ്യമ പ്രവര്‍ത്തകയുടെ സത്യവാങ്മൂലത്തിന്റെയും പ്രത്യേക അപേക്ഷയുടേയും അടിസ്ഥാനത്തിലാണ് മജിസ്‌ട്രേറ്റ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസ് ഈ മാസം 15 ന് പരിഗണിക്കും.അതേസമയം കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റവിമുക്തനാക്കിയതിനാല്‍ ഇന്ന് അഞ്ചു മണിക്ക് ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.