ജര്‍മനി എണ്ണായിരം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യും

കൈപ്പുഴ ജോണ്‍ മാത്യു

ബര്‍ലിന്‍: ജര്‍മനിയില്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ വിശാല മുന്നണി സര്‍ക്കാര്‍ 8000 നഴ്‌സുമാരെ ലോകമെമ്പാടു നിന്നുമായി റിക്രൂട്ട് ചെയ്യും.

ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(സിഡിയു), ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സിഎസ്‌യു), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) എന്നീ വിശാല മുന്നണിയിലെ സഖ്യകക്ഷികളാണ് നഴ്‌സുമാര്‍ക്ക് തൊഴില്‍ അവസരം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇതുവഴി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് യോഗ്യതയുള്ള നഴ്‌സുമ്മാര്‍ക്ക് ജര്‍മനിയില്‍ തൊഴില്‍ അവസരം ഉറപ്പായി. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി-2 ലവലില്‍ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കാണ് തൊഴില്‍ അവസരം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനകം ഡസന്‍ കണക്കിന് മലയാളി നഴ്‌സുമാര്‍ ബി-2 പാസ്സായി തൊഴില്‍ തേടി ജര്‍മനിയില്‍ എത്തിക്കഴിഞ്ഞു.

ജര്‍മനിയിലേക്കുള്ള വീസായും വര്‍ക്കിങ് പെര്‍മിറ്റും അതാതു രാജ്യങ്ങളിലെ ജര്‍മന്‍ എംബസിയും കോണ്‍സുലേറ്റും നിയന്ത്രിക്കും.

പുതിയ വിശാല മുന്നണി സര്‍ക്കാരിന്റെ നടപടിയെ ജര്‍മന്‍ ആരോഗ്യമന്ത്രി ഹെര്‍മാന്‍ ഗ്രോ സ്വാഗതം ചെയ്തു.

നഴ്‌സുമാരുടെ അഭാവം മൂലം ജര്‍മനിയില്‍ വൃദ്ധ സദനങ്ങളുടെയും ആശുപത്രികളുടേയും പ്രവര്‍ത്തനം പരിതാപകരമായി മാറി എന്ന റിപ്പോര്‍ട്ടാണ് പുതിയ തൊഴില്‍ മേഖല തുറന്നത്.