ഭാഷയും അധികാരവും നിലനില്‍ക്കുന്നത് ഞാനും നീയുമടങ്ങുന്ന സമൂഹമുള്ളപ്പോള്‍ മാത്രം എന്ന തിരിച്ചറിവ് ഈ കാലഘട്ടം ആവശ്യപ്പെടുന്നു: കവി പി.കെ.ഗോപി

ദമ്മാം: എന്ത് കൊണ്ട് ഭാഷ? എന്തിന് അധികാരം? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉള്ള ഏറ്റവും ലളിതമായ ഉത്തരം ‘നീ ഉള്ളത് കൊണ്ട്’, ‘ഈ സമൂഹം ഉള്ളത് കൊണ്ട്’ എന്നാണെന്നുള്ള തിരിച്ചറിവ് ഓരോ മനുഷ്യനും ഉണ്ടാകണമെന്ന് വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും ഈ ആസുരകാലം ആവശ്യപ്പെടുന്നു എന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ ഗോപി അഭിപ്രായപ്പെട്ടു.

നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ ഇല്ലാതെ, സമൂഹമില്ലാതെ തങ്ങള്‍ക്ക് നിലനില്‍പ്പില്ല എന്ന് ഓരോത്തരും തിരിച്ചറിയണം. സമൂഹമില്ലെങ്കില്‍ അധികാരത്തിന് അര്‍ത്ഥവുമില്ല. അധികാരം കൈയ്യിലുണ്ടെന്ന് കരുതി മറ്റുള്ളവരെ അടിച്ചമര്‍ത്താമെന്നു കരുതുന്ന ഭരണാധികാരികള്‍ ഇത് തിരിച്ചറിയുമ്പോള്‍ മാത്രമാണ് ജനാധിപത്യം വിജയിയ്ക്കുകയുള്ളൂ. സ്‌നേഹത്തിന് കീഴടക്കാന്‍ കഴിയുന്ന സാമ്രാജ്യങ്ങളേക്കാള്‍ വലുതൊന്നും ആയുധങ്ങള്‍ക്കോ അധികാരത്തിനോ കീഴടക്കാന്‍ കഴിയില്ല.

ദമ്മാം റോസ് ഹോട്ടലില്‍ നടന്ന സ്വീകരണയോഗത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍ഗ്ഗപ്രവാസം സംഘാടകസമിതി രക്ഷാധികാരി ജമാല്‍ വില്യാപ്പള്ളി, നവയുഗം ദമ്മാം മേഖല ആക്റ്റിങ് സെക്രട്ടറി ഗോപകുമാര്‍, കോബാര്‍ മേഖല പ്രസിഡന്റ് ബിജു വര്‍ക്കി എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തി. കോബാര്‍ മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ സ്വാഗതവും നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് നന്ദിയും പറഞ്ഞു.

പി.കെ.ഗോപിയ്ക്ക് നവയുഗം കേന്ദ്ര, മേഖല കമ്മിറ്റികള്‍ക്കും, വര്‍ഗ്ഗബഹുജനസംഘടനകള്‍ക്കും വേണ്ടി ഉണ്ണി പൂച്ചെടിയല്‍, ഷാജി മതിലകം, ലീന ഉണ്ണകൃഷ്ണന്‍, ഷിബുകുമാര്‍, ദാസന്‍ രാഘവന്‍, അടൂര്‍ ഷാജി, മണിക്കുട്ടന്‍, മിനി ഷാജി, ഉണ്ണികൃഷ്ണന്‍, സക്കീര്‍ ഹുസ്സൈന്‍, സഹീര്‍ഷാ, ബിനുകുഞ്ഞു, റോയ്, നിസാം കൊല്ലം, ഹബീബ് അമ്പാടന്‍, ശരണ്യ ഷിബു, ലാലു ശക്തികുളങ്ങര, തമ്പാന്‍ നടരാജന്‍, സൈഫുദ്ദീന്‍, ആര്‍ദ്ര ഉണ്ണി, സുജ റോയ്, മീനു അരുണ്‍ എന്നിവര്‍ സ്വീകരണം നല്‍കി.