ഇന്ത്യന്‍ സ്റ്റോര്‍ മാനേജര്‍ മയാമിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു: പ്രതികളെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു

പി.പി. ചെറിയാന്‍

മയാമി (ഫ്‌ളോറിഡാ): മയാമി ബീച്ചിലൂടെ കാമുകിയുമൊത്ത് നടന്നു പോയിരുന്ന കമില്‍ പട്ടേല്‍ (Kamil-29) എന്ന ഇന്ത്യന്‍ യുവാവിനെ കാറിലെത്തിയ അപരിചിതനായ ഒരാള്‍ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് പൊതുജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു.

ജനുവരി 25 നായിരുന്നു സംഭവം. പ്രദ ബാള്‍ ഹാര്‍ബര്‍ ഓപ്പറേഷന്‍ മാനേജരായി ചാര്‍ജ്ജെടുക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ഡാലസില്‍ നിന്നും പട്ടേല്‍ മയാമിയിലെത്തിയത്. ആറുവര്‍ഷമായി ഡാലസിലാണ് പട്ടേല്‍ ജോലി ചെയ്തിരുന്നത്.

പട്ടേലിനെ വെടിവച്ചു എന്നു പറയപ്പെടുന്ന പ്രതി സഞ്ചരിച്ചിരുന്ന കാറും ഉടമസ്ഥനും അപ്രത്യക്ഷമായതായി ജനുവരി 26 ന് പരാതി ലഭിച്ചിരുന്നു. കാറിന്റെ ഉടമസ്ഥന്‍ ഒറസ്റ്റാസ് കൊണ്‍റാഡൊയെ (Orestas Conrado) കാണാതായെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

പട്ടേലിനോടൊപ്പം സഞ്ചരിച്ചിരുന്ന യുവതിയെ പൊലീസ് ചോദ്യം ചെയ്തു. രണ്ടു പേരും നടന്നു പോകുമ്പോള്‍ പെട്ടെന്ന് ഒരു കാര്‍ ഇവരുടെ പുറകില്‍ നിര്‍ത്തി ഒരാള്‍ പുറത്തു കടന്ന് പട്ടേലിനുനേരെ വെടിവച്ചു. കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

വെടിയേറ്റ പട്ടേല്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചതായും വേഗത്തില്‍ ഓടി രക്ഷപ്പെടാന്‍ പറഞ്ഞതായും യുവതി പറഞ്ഞു.ഈ സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ മയാമി ഡേഡ് (miami -Dade) ക്രൈം സ്റ്റോപ്പേഴ്‌സ് 305 471 – Tips എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.