സൃഷ്ടിച്ച പ്രകൃതിയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ജീവനെടുക്കാന്‍ അവകാശമില്ല: പി.കെ.ഗോപി

ദമ്മാം: ജീവനെ സൃഷ്ടിച്ച പ്രകൃതിയ്ക്ക് മാത്രമേ ജീവനെ നശിപ്പിയ്ക്കാനും അവകാശമുള്ളൂ എന്ന പരമമായ സത്യം മനുഷ്യര്‍ മനസ്സിലാക്കിയാല്‍ മാത്രമേ, മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നടക്കുന്ന കൊലപാതങ്ങള്‍ ഇല്ലാതാകൂ എന്ന് പ്രശസ്തകവിയും ഗാനരചയിതാവുമായ ശ്രീ.പി.കെ.ഗോപി അഭിപ്രായപ്പെട്ടു.

നവയുഗം സാംസ്‌കാരികവേദി ഖോബാര്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച ‘സര്‍ഗ്ഗപ്രവാസം – 2017’ന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

മുഷ്ടിചുരുട്ടുന്നത് മാത്രമല്ല, കൈ വിടര്‍ത്തിപ്പിടിക്കുന്നതും സ്വാതന്ത്ര്യമാണെന്നും അവകാശമാണെന്നും പറഞ്ഞ അദ്ദേഹം, മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കുന്ന ജീവന്‍ എന്ന സിംഫണിയുടെ മനോഹാരിതയെക്കുറിച്ചു മനോഹരമായി വിശദീകരിച്ചു. മനുഷ്യനിലെ പെരുവിരല്‍ മുതല്‍ തലയോട്ടി വരെ ആ സിംഫണി നിലയ്ക്കാതെ തുടരുന്നത് ജീവനുള്ള അദ്ഭുതമാണെന്നും, അതിനെ നശിപ്പിയ്ക്കുന്നവര്‍ സ്വന്തം ആത്മാവിന്റെ അംശത്തെത്തന്നെയാണ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തമാശയെന്ന പേരിലും, ശ്രദ്ധ ലഭിക്കുവാനായും സാഹിത്യത്തില്‍ വൃത്തികേടുകള്‍ പെയ്യുന്ന ഈ കാലത്ത് , അശ്ലീലമെഴുതുന്നവനല്ല, പരിസരങ്ങളിലെ അനീതിക്കെതിരെ അടങ്ങിയിരിക്കാതെ തൂലികയാല്‍ പ്രതികരണത്തിന്റെ പോര്‍മുന തീര്‍ക്കുന്നവനാണ് സാമൂഹ്യപ്രതിബദ്ധതയുള്ള കവിയെന്ന് അദ്ദേഹം നിരീക്ഷിച്ചു.

നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍, പ്രമുഖപ്രവാസി എഴുത്തുകാരന്‍ ജോസഫ് അതിരിങ്കല്‍, നവയുഗം ജുബൈല്‍ മുഖ്യരക്ഷാധികാരി ടി.സി.ഷാജി, പ്രവാസി സംഘടനാനേതാക്കളായ നിധീഷ് മുത്തമ്പലം (നവോദയ), അലികുട്ടി ഒളവട്ടൂര്‍ (കെ.എം.സി.സി), ഇ.കെ.സലിം (ഓ.ഐ.സി.സി), എം.ജി മനോജ് (നവയുഗം ജുബൈല്‍), നവയുഗം കോബാര്‍ മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി, സഖാവ് കെ.സി.പിള്ള അനുസ്മരണ പ്രഭാഷണവും, നവയുഗം വൈസ് പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി സഫിയ അജിത്ത് അനുസ്മരണ പ്രഭാഷണവും നടത്തി. നവയുഗം ജുബൈല്‍ മുഖ്യരക്ഷാധികാരി ടി.സി,ഷാജി അനുമോദനപ്രസംഗം നടത്തി.
സര്‍ഗ്ഗപ്രവാസം സംഘാടകസമിതി ചെയര്‍മാന്‍ ദാസന്‍ രാഘവന്‍ സ്വാഗതവും, നവയുഗം കോബാര്‍ മേഖല പ്രസിഡന്റ് ബിജു വര്‍ക്കി നന്ദിയും പറഞ്ഞു.

ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ഉള്‍പ്പെടെ, അരങ്ങേറിയ വൈവിധ്യമാര്‍ന്ന സംഗീത, നൃത്ത കലാപ്രകടനങ്ങള്‍, ഹാസ്യപരിപാടികള്‍ സര്‍ഗ്ഗപ്രവാസത്തെ അവിസ്മരണീയമാക്കി.
സാമൂഹ്യസാംസ്‌കാരിക നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രവാസി കുടുംബങ്ങള്‍ എന്നിവരടക്കം തിങ്ങി നിറഞ്ഞ സദസ്സ്, കൈയ്യടിച്ചും, പൊട്ടിച്ചിരിച്ചും, നൃത്തം വെച്ചും ഓരോ നിമിഷത്തെയും ആഘോഷമാക്കുകയായിരുന്നു.

കിഴക്കന്‍ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഇ.എം.കബീര്‍, മുഹമ്മദ് നജാത്തി, സയ്യദ് ഹമദാനി, മാലിക്ക് മക്ബൂല്‍, മാധ്യമ പ്രവര്‍ത്തകരായ സാജിദ് ആറാട്ടുപുഴ, അലി കളത്തിങ്കല്‍, ഡോ.ടെസ്സി റോണി തുടങ്ങിയവര്‍ പങ്കെടുത്തു.

നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, നവയുഗം നേതാക്കളായ സാജന്‍ കണിയാപുരം, മഞ്ജു മണിക്കുട്ടന്‍, പ്രിജി കൊല്ലം, ലീന ഉണ്ണികൃഷ്ണന്‍, ഹുസൈന്‍ കുന്നിക്കോട്, റെജി സാമുവല്‍, അടൂര്‍ഷാജി, ഷിബുകുമാര്‍, സുമി ശ്രീലാല്‍, ലീനഷാജി, മണിക്കുട്ടന്‍, പ്രഭാകരന്‍, മിനി ഷാജി, സനു മഠത്തില്‍, സക്കീര്‍ ഹുസ്സൈന്‍, മീനു അരുണ്‍, ശ്രീലാല്‍, ഉണ്ണികൃഷ്ണന്‍, നിസാര്‍ കരുനാഗപള്ളി, അന്‍വര്‍ ആലപ്പുഴ, ശരണ്യഷിബുകുമാര്‍, തോമസ് സക്കറിയ, ലാലു ശക്തികുളങ്ങര, നിസാം, തമ്പാന്‍ നടരാജന്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.