മണിയ്ക്കും ബിജുപോളിനും നവയുഗം സഫിയ അജിത്ത് സ്മാരക അവാര്‍ഡുകള്‍ സമ്മാനിച്ചു

ദമ്മാം: നവയുഗം കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റും, ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന ശ്രീമതി സഫിയഅജിത്തിന്റെ ഓര്‍മ്മയ്ക്കായി, നവയുഗം സാംസ്‌കാരികവേദി കോബാര്‍ മേഖലകമ്മിറ്റി ഏര്‍പ്പെടുത്തിയ സഫിയ അജിത്ത് സ്മാരക അവാര്‍ഡുകള്‍ സമ്മാനിച്ചു.

ദമ്മാം നുസൈഫ് ഹാളില്‍ നടന്ന ‘സര്‍ഗ്ഗപ്രവാസം-2017’ന്റെ വേദിയില്‍ വെച്ച്, പ്രശസ്തകവിയും, ഗാനരചയിതാവുമായ പി.കെ.ഗോപിയുടെ കൈയ്യില്‍ നിന്നും, ജീവകാരുണ്യവിഭാഗത്തില്‍ ശ്രീ. മണിയും, കലാസാംസ്‌കാരിക വിഭാഗത്തില്‍ ശ്രീ. ബിജുപോള്‍ നീലേശ്വരവും സഫിയ അജിത്ത് സ്മാരക അവാര്‍ഡ് ഏറ്റുവാങ്ങി.

സഫിയ അജിത്തിന്റെ പേരിലുള്ള ഈ അവാര്‍ഡ്, തന്റെ ജീവിതത്തിലെ ഏറ്റവും വിലമതിയ്ക്കുന്ന ബഹുമതിയായി കരുതുന്നതായി മണി മറുപടിപ്രസംഗത്തില്‍ പറഞ്ഞു. ദമ്മാം നാടകവേദിയില്‍ തനിയ്ക്കൊപ്പം പ്രവര്‍ത്തിയ്ക്കുന്ന എല്ലാവര്‍ക്കുമുള്ള അംഗീകാരമായി ഈ അവാര്‍ഡിനെ കാണുന്നതായി ശ്രീ. ബിജുപോള്‍ നീലേശ്വരം പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരികയോഗത്തില്‍, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി, സഫിയ അജിത് അനുസ്മരണപ്രഭാഷണം നടത്തി.

2015 ജനുവരി 26ന് ക്യാന്‍സര്‍ രോഗബാധിതയായി മരണമടഞ്ഞ സഫിയ അജിത്തിന്റെ ഓര്‍മ്മയ്ക്കായി, സൗദിഅറേബ്യയിലെ സാമൂഹിക, കലാസാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യരംഗങ്ങളില്‍ മികച്ച സംഭാവനകള്‍നല്‍കിയ വ്യക്തിത്വങ്ങള്‍ക്ക്, കഴിഞ്ഞ വര്‍ഷം മുതലാണ് നവയുഗം കോബാര്‍ മേഖല കമ്മിറ്റി സഫിയ അജിത്ത്‌സ്മാരക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.