നടി ആക്രമിക്കപ്പെട്ട സംഭവം ; പ്രധാന തെളിവുകളില്‍ ഒന്നായ സിസി ടി വി ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി

കൊച്ചിയില്‍ കാറില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന തെളിവുകളില്‍ ഒന്നായ സിസി ടി വി ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. ഇതോടൊപ്പം രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും കൈമാറിയിട്ടുണ്ട്. നേരത്തെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ യഥാര്‍ഥ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ദിലീപ് ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി വിധി പുറപ്പെടുവിച്ചില്ല. അതുപോലെ കോടതി വിധിയില്‍ പ്രോസിക്യൂഷന്‍ അമ്പരപ്പിലാണ്. ഇത്രയേറെ പ്രതിരോധമൊരുക്കിയിട്ടും കോടതി ദിലീപിന് അനുകൂലമായി വിധി പറഞ്ഞത് ഏവരെയും അമ്പരപ്പിച്ചു. നേരത്തെ ഹര്‍ജി പരിഗണിക്കവേ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് കാരണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത് കേസില്‍ ദിലീപിന് ഗുണകരമാകുമെന്ന് വിലയിരുത്തലുണ്ട്. നടി നല്‍കിയ മൊഴി അനുസരിച്ചുള്ള ദൃശ്യങ്ങളല്ല വീഡിയോയില്‍ ഉളളതെന്ന് ദിലീപ് രണ്ടാമത് നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്. ഓടുന്ന വാഹനത്തില്‍ വച്ചുള്ള പീഡനമല്ല നടന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറിയാല്‍ അത് നടിക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും കേസിന്റെ തുടര്‍ന്നുള്ള പുരോഗതിയെ തടയുമെന്നുമാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. ദിലീപിന് തെളിവ് കൈമാറാന്‍ സാധിക്കില്ലെന്ന് ഉറച്ച് നിന്ന പ്രോസിക്യൂഷന് തിരിച്ചടിയായത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയാണ്. തെളിവുകള്‍ പ്രതിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് പ്രോസിക്യൂഷന്‍ വഴങ്ങുകയായിരുന്നു. എന്നാല്‍ വീഡിയോ ക്ലിപ് വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. ഇതില്‍ പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചേക്കുമെന്നാണ് കരുതുന്നത്.