ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്; കേരളത്തിലേക്ക് മടങ്ങാനാകില്ല;പാസ്പോര്‍ട്ട് ദുബായി പോലീസ് പിടിച്ചെടുത്തു

ദുബായ്:സാമ്പത്തിക തട്ടിപ്പു കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കു ദുബായില്‍ യാത്രാവിലക്ക്. ജാസ് ടൂറിസം കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യു.എ.ഇയാണു ബിനോയ്ക്കു യാത്ര വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വിലക്കേര്‍പ്പെടുത്തിയതോടെ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ബിനോയിയെ എയര്‍ പോര്‍ട്ടില്‍ വച്ച് പോലീസ് തടയുകയായിരുന്നു. ബിനോയിയുടെ പാസ്‌പോര്‍ട്ട് നമ്പറില്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് നല്‍കിയ വിവരം.ഇതോടെ ഇപ്പോള്‍ ദുബായിലുള്ള ബിനോയ് കോടിയേരിക്ക് കേരളത്തിലേക്ക് വരാനാകില്ല.ബിനോയ്യുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം ഒന്നിനാണു ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തികതട്ടിപ്പിന്റെ പേരില്‍ ദുബായില്‍ സിവില്‍ കേസെടുത്തത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ദുബായി കമ്പനി ആവശ്യപ്പെട്ട പത്തുലക്ഷം ദിര്‍ഹം (1.74 കോടി രൂപ) നല്‍കുന്നതിനു പരാജയപ്പെട്ടതിനാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നുവെന്നാണ് നോട്ടിസില്‍ പറയുന്നത്. അതെ സമയം പണം അടയ്ക്കുകയോ കേസ് തീര്‍പ്പാക്കുകയോ ചെയ്താല്‍ ബിനോയ്‌ക്കെതിരായ യാത്രവിലക്ക് നീക്കാന്‍ സാധിക്കും.

കേസുകള്‍ അവിടെ ഒത്തുതീര്‍പ്പാക്കുന്നതിനായി യുഎഇ ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് ബിനോയ് ദുബായിലേക്കു പറന്നത്.എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്.