പാക്കിസ്ഥാനില്‍ പ്രണയദിനത്തിന് സര്‍ക്കാര്‍ നിരോധനം ; പ്രണയദിനാഘോഷം കാണിക്കാന്‍ പാക് മാധ്യമങ്ങള്‍ക്ക് വിലക്ക്

പ്രണയാദിനാഘോഷത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും പാക്കിസ്ഥാനില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. കഴിഞ്ഞവര്‍ഷം ഒരു സ്വകാര്യ ഹര്‍ജിയില്‍ വിധിപറഞ്ഞ് കൊണ്ട് ഇസ്‌ലാമാബാദ് ഹൈക്കോടതി പ്രണയദിനാഘോഷം രാജ്യത്തെ നിരോധിച്ചിരുന്നു. പ്രണയദിനാഘോഷം മതനിന്ദയാണെന്നായിരുന്നു അന്ന് ഉന്നയിച്ച വാദം. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തവണ മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

അതുപോലെ രാജ്യത്തെ സംസ്‌കാരവുമായി ബന്ധമില്ലാത്ത ഇത്തരം ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈനും ആവശ്യപ്പെട്ടിരുന്നു. പ്രണയദിനം ആഘോഷിക്കുന്നത് മുന്‍നിര്‍ത്തി ഇന്ത്യയിലും സംഘപരിവാര്‍ സംഘടനകള്‍ മുന്നറിയിപ്പുമായി രംഗത്ത് വന്നു കഴിഞ്ഞു. പ്രണയദിനം ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ ഭാഗമല്ല എന്നാണു അവര്‍ ഉന്നയിക്കുന്ന വാദം.