ഡിസ് ലൈക്കില്ല പകരം ഡൗണ്‍ വോട്ട് ബട്ടണുമായി ഫേസ്ബുക്

ഫേസ്ബുക്കില്‍ ലൈക്ക് ബട്ടണ് പുറമെ പുതിയൊരു ബട്ടണ്‍ കൂടി വരുന്നു. ഡൗണ്‍വോട്ട് എന്നു പേരുള്ള ഈ ഫീച്ചര്‍ പോസ്റ്റുകളുടെ കമന്റുകളിലായിരിക്കും പ്രത്യക്ഷപ്പെടുക.പക്ഷെ പബ്‌ളിക് പേജുകളില്‍ മാത്രമേ ഈ ഫീച്ചര്‍ കാണൂ.നേരത്തെ ഡിസ്ലൈക്ക് ബട്ടണ്‍ തുടങ്ങാന്‍ ഫേസ്ബുക്കിന് പരിപാടിയുണ്ടായിരുന്നെങ്കിലും ഉപേക്ഷിക്കുകയായിരുന്നു. അതിനു പകരമായിട്ടാണ് ഡൗണ്‍വോട്ടെന്നു സാങ്കേതിക വിദഗ്ധര്‍ പറയുന്നു.

പുതിയ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതായി ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.തിരഞ്ഞെടുക്കപ്പെട്ട കമന്റുകളില്‍ ഡൗണ്‍വോട്ട് ബട്ടണ്‍ കാണാനാകും. ഉപയോക്താക്കളുടെ അഭിപ്രായം വിലയിരുത്തിയ ശേഷമാകും ഡൗണ്‍വോട്ട് ഫീച്ചര്‍ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുകയുള്ളു.അമേരിക്കയില്‍ ചുരുക്കം ചിലരുടെ പേജുകളില്‍ മാത്രമേ നിലവില്‍ ഈ സൗകര്യം ലഭ്യമായിട്ടുള്ളൂ.

സ്‌ക്രീന്‍ ഷോട്ട് പോലെ ഓരോ കമന്റുകളുടെയും താഴെയാണ് ഈ ബട്ടണ്‍ കാണാനാകുക. ഈ ബട്ടണില്‍ ക്‌ളിക്ക് ചെയ്യുമ്പോള്‍ എന്ത് ഉദ്ദേശത്തിനാണെന്ന ചോദ്യം സ്‌ക്രീനില്‍ വരും. ഉദാഹരണത്തിന് വിയോജിപ്പ്, മിസ് ലീഡിങ്, ഓഫ് ടോപിക് എന്നിങ്ങനെ. ഈ ഓപ്ഷന്‍ ഹൈഡ് ചെയ്യാനും സാധിക്കും. നമ്മുടെ പോസ്റ്റുകളുടെ റാങ്കിങ്ങിനെ പുതിയ ഫീച്ചര്‍ ഒരു തരത്തിലും ബാധിക്കില്ല.