നേതാക്കളുടെ പാതയില്‍ കുട്ടി നേതാക്കളും കെ.എം മാണിയുടെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും ഭാര്യയും തട്ടിച്ചത് ലക്ഷങ്ങള്‍

നേതാക്കളുടെ പാതയില്‍ കുട്ടി നേതാക്കളും. കെ.എം മാണിയുടെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും ഭാര്യയും കൂടി തട്ടിച്ചത് ലക്ഷങ്ങള്‍ എന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്. സംരക്ഷിക്കാന്‍ തുനിഞ്ഞ് നേതൃത്വം. എതിര്‍പ്പുമായി ജോസഫ് വിഭാഗം . മറ്റുനേതാക്കളുടെ തട്ടിപ്പു പുറത്തു വിടുമെന്ന് അനുകൂലിക്കുന്നവര്‍ .

കേരള കോണ്‍ഗ്രസ് മാണീ ഗ്രൂപ്പ് യുവജന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പനും ഭാര്യ ലതയും കൂടി  കെ.എഫ്.സി  വായ്പാ തട്ടിപ്പാണ് നടത്തിയത്. സജിയുടെ ഭാര്യ രാമപുരം സഹകരണ ബാങ്കില്‍ ജോലിയില്‍ ഇരിക്കെ തൊഴില്‍ ഇല്ല എന്ന് വ്യാജ സത്യവാങ്ങ്മൂലം നല്‍കിയാണ് 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്.അനര്‍ഹരായിരുന്നിട്ടും വ്യാജ രേഖകള്‍ ചമച്ച് സ്വയം സംരഭകത്വമിഷനില്‍ നിന്ന് പലിശരഹിത വായ്പ നേടിയത് കെ.എം മാണി ധനകാര്യ മന്ത്രിയായിരിക്കെ സ്വാധീനമുപയോഗിച്ചാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വിവരാവകാശ രേഖയില്‍ തട്ടിപ്പു നടന്നെന്നും, തുടര്‍ നടപടി ആവശ്യപെട്ടുമുള്ള പ്രസ്‌കത ഭാഗം

പാലാ കാരൂര്‍ സ്വദേശി ബിന്‍സ് നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് പുറത്തു വരാതെ പൂഴ്ത്തി വെക്കപ്പെട്ടെങ്കിലും, വിവരാവകാശം വഴിയാണ് ബിന്‍സ് റിപ്പോര്‍ട്ട് നേടിയെടുത്തത്. എല്‍.ഡി.എഫ് പ്രവേശനം കാത്തിരിക്കുന്ന കേരളാ കോണ്‍ഗ്രസ്സ് മണീ ഗ്രൂപ്പിന്റെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെട്ട തട്ടിപ്പ് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെയും, വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയുടെയും മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായ സജി മഞ്ഞകടമ്പനെ കൈവിടാതെ സംരക്ഷിക്കാന്‍ ശ്രമമുണ്ടെങ്കിലും, പാര്‍ട്ടിയിലെ ജോസഫ് വിഭാഗത്തിന് സജിയോട് യോജിപ്പില്ലാത്തത് പാര്‍ട്ടിക്കകത്ത് വലിയ വെല്ലുവിളികള്‍ക്കിടവരുത്തും.

സജി മഞ്ഞക്കടമ്പനും ഭാര്യ ലതയും

എന്നാല്‍ സജിക്കെതിരെ നടപടിക്ക് നേതാക്കള്‍ തുനിഞ്ഞാല്‍ സമാന രീതിയില്‍ മറ്റുനേതാക്കളും നടത്തിയ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു കൊണ്ടുവരുമെന്ന ഭീക്ഷണി മുഴക്കിയായിരിക്കും സജി മഞ്ഞകടമ്പനെ പിന്തുണക്കുന്നവര്‍ സജിക്കെതിരെയുള്ള പാര്‍ട്ടിയിലെ നടപടിയെ നേരിടുക. അതുപോലെ കേരളത്തില്‍ പല ഇടങ്ങളിലായി ആസ്രൂതിതമായി കേരള കോണ്‍ഗ്രസ് മാണീ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഈ രീതിയില്‍ തട്ടിപ്പ് നടത്തിയതായും വരും ദിവസങ്ങളില്‍ അതിന്റെ രേഖകളും പുറത്തു വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  കേസില്‍ ഈ മാസം 16 ന് കോട്ടയം വിജിലന്‍സ് കോടതി വിധി പറയും.