ഈ സുന്ദരിയുടെ സൈറ്റടിയില്‍ ഒരൊറ്റ രാത്രി കൊണ്ട് വൈറലായി ഈ അഡാറ് പ്രണയ ഗാനം

ഒരൊറ്റ രാത്രികൊണ്ട് ഈ സുന്ദരിയും ഈ പാട്ടും മലയാളത്തിന്റെ പ്രണയാര്‍ദ്രയായ മനസ്സുകളില്‍ മൂളിത്തുടങ്ങിയിരിക്കുകയാണ്.കേള്‍ക്കാന്‍ ഇമ്പവും കാണാന്‍ അതിലേറെ മനോഹരവുമായ ഈ ഗാനം ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ ഖല്ബിലിടം പിടിച്ചിട്ടുണ്ട്. ഒരു അടാര്‍ ലവ് എന്ന ഒമര്‍ ലുലുവിന്റെ ചിത്രത്തിലേതാണീ ഗാനം. ഒറ്റ രാത്രി കൊണ്ട് അഞ്ചു ലക്ഷത്തിലേറെ പ്രേക്ഷകരെ നേടി യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ് മാണിക്യ മലരായ… എന്ന പാട്ട്.

ഹിറ്റ് ജോഡികളായ ഷാന്‍ റഹ്മാന്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ പാട്ടിന് പഴയ മാപ്പിളപ്പാട്ടിന്റെ ചേലാണ്.കാലങ്ങളായി മനസ്സുകളില്‍ പ്രത്യേകിച്ച, മലബാറിന്റെ നെഞ്ചകങ്ങളില്‍ ജീവിക്കുന്ന ഗാനമാണിത്. ഈ ഗാനത്തെയാണ് ചിത്രത്തിനു വേണ്ടി ഷാന്‍ പുനരവതരിപ്പിച്ചത്. പാട്ടിന്റെ യഥാര്‍ഥ സംഗീത സംവിധായകന്‍ തലശ്ശേരി കെ. റഫീഖും രചയിതാവ് പി.എം.എ ജബ്ബാറുമാണ്. ആ പാട്ടിലേക്ക് പുതിയ കാലത്തിന്റെ പ്രണയനിമിഷങ്ങള്‍ ദൃശ്യങ്ങളും ഈണവും ചേര്‍ത്തുവച്ചപ്പോള്‍ അത് ഹൃദയങ്ങള്‍ കീഴടക്കുന്നതായി.

ഈ പാട്ടിനെ യുവാക്കള്‍ക്കിടയില്‍ തരംഗമാക്കിയത് ഗാന രംഗങ്ങളിലുള്ള സുന്ദരിമാരാണ്. പ്രത്യേകിച്ച് പുരികക്കൊടിയുയര്‍ത്തിയും കണ്ണടച്ചും നിറഞ്ഞു പുഞ്ചിരിച്ചും നില്‍ക്കുന്ന ഒരു പെണ്‍കുട്ടി.പാട്ട് ഹിറ്റായതിനു പിന്നാലെ പ്രിയ വാര്യര്‍ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. സിനിമ ഗ്രൂപ്പുകളിലും പേജുകളിലും നിറയെ പ്രിയയുടെ പ്രണയ കുസൃതികളാണ്.

ഒഡീഷന്‍ വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ. ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് ഒമര്‍ നായികമാരില്‍ ഒരാളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു.