കെ എം മാണിക്ക് എതിരെയുള്ള കേസുകള്‍ അട്ടിമറിക്കാന്‍ വിജിലന്‍സിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദം എന്ന് ആരോപണം

കോട്ടയം : കെ എം മാണിക്കെതിരായ അഴിമതിക്കേസുകളില്‍ വിജിലന്‍സിന് മെല്ലെപ്പോക്കെന്ന് ആരോപണം. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശനാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. ബാര്‍കോഴ, ബാറ്ററി, നികുതിയിളവ് കേസുകളില്‍ കെഎം മാണിക്കെതിരെയുള്ള തെളിവുകള്‍ നല്‍കിയിട്ടും അന്വേഷണം അവസാനിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് തിടുക്കമെന്ന് കെ പി സതീശന്‍ ആരോപിക്കുന്നു. വിജിലന്‍സ് മെല്ലെപോക്ക് തുടരുകയാണ്. തെളിവുള്ള കേസുകള്‍ കൂടി അവസാനിപ്പിക്കാനുള്ള ത്വരിതനീക്കമാണ് നടക്കുന്നത്. ഇപ്പോള്‍ തനിക്കൊന്നും അറിയില്ല. ബാറ്ററികേസില്‍ കെ എം മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു തന്റെ ശുപാര്‍ശ. എന്നാല്‍ കേസ് അവസാനിപ്പിച്ചെന്ന് താന്‍ പത്രത്തിലൂടെയാണ് അറിഞ്ഞത്.

ബാര്‍ കോഴ കേസില്‍ നിലവിലെ അന്വേഷന്‍ ഉദ്യോഗസ്ഥനാരെന്നുപോലും തനിക്കറിയില്ല. അടുത്തകാലത്ത് ഒരു ഫയലും താന്‍ കണ്ടിട്ടില്ല. കാര്യങ്ങളൊന്നും സുതാര്യമല്ല. കോഴി നികുതിയിളവ് കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായ തന്നെ അന്വേഷണ ഉദ്യഗോസ്ഥന്‍ വന്ന് കണ്ടിട്ടേയില്ല. കേസിന്റെ ഒരു വിശദാംശങ്ങളും തനിക്കറിയില്ല. വിജിലന്‍സിലുളള സാധാരണ ജനങ്ങളുടെ വിശ്യാസമാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും മുന്‍ സിബിഐ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കൂടിയായ കെ പി സതീശന്‍ പറഞ്ഞു. വിജിലന്‍സിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് കെ.എം മാണിക്കെതിരായ കേസുകള്‍ അട്ടിമറിക്കപ്പെട്ട വെളിപ്പെടുത്തലുമായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ പി സതീശന്‍ രംഗത്തെത്തിയിരിക്കുന്നത്.

ബാര്‍ കോഴയിലടക്കം കെഎം മാണിക്കെതിരായ മൂന്നു അഴിമതിക്കേസുകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ച മുതിര്‍ന്ന അഭിഭാഷകനാണ് കെ പി സതീശന്‍. അതേസമയം എല്‍ഡിഎഫില്‍ ചേക്കേറാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന മാണിയെ സഹായിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദം ചെലുത്തുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. മാണിയെ പുറത്താക്കണം എന്ന് കാട്ടി രാപ്പകല്‍ സമരം അടക്കമുള്ള സമരപരമ്പരകള്‍ നടത്തിയ എല്‍ഡിഎഫ് തന്നെ ഇപ്പോള്‍ മാണിയുടെ സംരക്ഷകര്‍ ആകുന്ന വിരോധാഭാസമാണ് ഇപ്പോള്‍ നടക്കുന്നത്.