പതാക തെറ്റായി പിടിച്ചതിനു ഇന്ത്യക്കാരിയെ ഉപദേശിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രിദി; വീഡിയോ വൈറല്‍

രാജ്യ സ്‌നേഹികളാണെന്ന പേര് പറഞ്ഞ് ദളിതരെയും മുസ്ലീങ്ങളെയും മര്‍ദിക്കുന്ന ഫാസിസ ശക്തികള്‍ ഈ വീഡിയോ കണ്ടാല്‍ ലജ്ജിച്ചു തല താഴ്ത്തും.കാരണം ഇവര്‍ രാജ്യദ്രോഹികളെ കയറ്റി അയക്കാനൊരുങ്ങുന്ന അയല്‍ രാജ്യമായ പാകിസ്ഥാന് പോലും നമ്മുടെ രാജ്യത്തോടും,പതാകയോടും ബഹുമാനമാണുള്ളത്.

സംഭവം ഇങ്ങനെ സ്വിറ്റ്‌സര്‍ലാന്റിലെ സൈന്റ് മോറിസ് റിസോര്‍ട്ടില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിച്ച് ഒരു ട്വന്റി-ട്വന്റി മാച്ച് സംഘടിപ്പിച്ചു. രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാച്ച്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗ്, പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി, ആസ്‌ട്രേലിയയുടെ മൈക് ഹസി, ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ, പകിസ്താന്റെ ഷുഹൈബ് അക്തര്‍ എന്നിവരടങ്ങുന്ന രണ്ട് ടീമുകളായി തിരിച്ചാണ് മാച്ച് സംഘടിപ്പിച്ചത്.

മത്സരത്തിന് ശേഷം ഇന്ത്യക്കാരും പാകിസ്താനികളുമടങ്ങുന്ന ആരാധകര്‍ക്ക്, കൂടെ നിന്ന് സെല്‍ഫിയെടുക്കാനായി അവസരമൊരുക്കിയ പാകിസ്താന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രീദി, ഒരു ഇന്ത്യക്കാരിയുടെ ആവശ്യാര്‍ഥം ഒരുമിച്ച് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ പതാക മടക്കി പിടിച്ച് പോസ് ചെയ്യാനൊരുങ്ങിയ ആരാധികയോട് പതാക ശരിയായി പിടിക്കാന്‍ അഫ്രീദി പറഞ്ഞു. ‘ഫ്‌ലാഗ് സീതാ കരോ അപ്നാ’ എന്നു പറഞ്ഞ് പെണ്‍കുട്ടിയോടൊപ്പം പോസ് ചെയ്യുന്ന അഫ്രീദിയുടെ വീഡിയോ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലാവുകയായിരുന്നു.

ഇതൊരു ചെറിയ കാര്യമാണെങ്കിലും ചിരവൈരികളെന്ന് മുദ്ര കുത്തപ്പെട്ട പാക് ടീം നായകനായിരുന്ന അഫ്രീദിയില്‍ നിന്നും ഇത്തരം മാതൃകാപരമായ പെരുമാറ്റം കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ സാമൂഹിക മാധ്യമങ്ങളില്‍ താരത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. അഫ്രീദിയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് മാതൃകയാണെന്നും ഇത് തീവ്ര ദേശീയ വാദികള്‍ക്കുള്ള അടിയാണെന്നും ട്വീറ്റുകള്‍ വന്നു.