കഴക്കൂട്ടം – കാരോട് ബൈപ്പാസ് റോഡ്‌ ; പാലം പണിയാന്‍ അമ്പലം പൊളിച്ചു നീക്കണം എന്ന് അധികൃതര്‍ ; പ്രതിഷേധവുമായി നാട്ടുകാര്‍

പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കഴക്കൂട്ടം – കാരോട് ബൈപ്പാസ് റോഡിലെ നെയ്യാറ്റിന്‍കര ഭാഗത്തായി കാട്ടുവിളയില്‍ സ്ഥിതി ചെയ്യുന്ന അമ്പലമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. റോഡിന്‍റെ ഭാഗമായുള്ള പാലം പണിയുവാന്‍ കാട്ടുവിള ശ്രീധര്‍മ്മ ശാസ്താക്ഷേത്രം പൊളിച്ചു നീക്കണം എന്നാണു അധികൃതര്‍ പറയുന്നത്. ഇത് കാണിച്ച് കഴിഞ്ഞ വര്‍ഷം ക്ഷേത്രം അധികൃതര്‍ക്ക് ഡപ്പ്യൂട്ടി കളക്ട്ടര്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്രം ഒഴിഞ്ഞില്ല എന്ന് കാട്ടി ഇന്ന് രാവിലെ വന്‍ പോലീസ് സന്നാഹത്തോടെ അധികാരികള്‍ ക്ഷേത്രം പൊളിക്കാന്‍ എത്തുകയായിരുന്നു. തുടര്‍ന്ന്‍ നാട്ടുകാരുടെ കനത്ത എതിര്‍പ്പിനെ തുടര്‍ന്ന്‍ അധികാരികള്‍ക്ക് പിന്‍വങ്ങേണ്ടി വരികയായിരുന്നു.

തുടര്‍ന്ന്‍ മൂന്നു ദിവസത്തെ അവധിയാണ് ഇപ്പോള്‍ ക്ഷേത്രം ഒഴിയാന്‍ നല്‍കിയിരിക്കുന്ന സമയം എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം ഹൈന്ദവാചാരപ്രകാരം മാറ്റി സ്ഥാപിക്കാന്‍ സമയം വേണമെന്നാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. അതുമല്ല അമ്പലം സ്ഥിതി ചെയ്യുന്നതിന്‍റെ കുറച്ചു മാറി സമാനമായ രീതിയില്‍ സ്ഥിതി ചെയ്യുന്ന മണ്ണ്യ്ക്കല്‍ പള്ളി എന്ന ക്രിസ്തീയ ആരാധാനാലയം പൊളിക്കണം എന്ന ആവശ്യം ഉന്നയിച്ച അധികാരികള്‍ ഉയര്‍ന്നുവന്ന എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. ആ പള്ളിക്കും മുന്‍പ് പൊളിച്ചു മാറ്റണം എന്ന പേരില്‍ നോട്ടീസ് നല്‍കിയിരുന്നതായി പറയപ്പെടുന്നു. അതുപോലെതന്നെ കേരളത്തില്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കാത്ത നാഗഗന്ധി എന്ന അപൂര്‍വ്വ ഇനം അരയാല്‍ ഈ ക്ഷേത്രവളപ്പില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ക്ഷേത്രം പൊളിച്ചു മാറ്റിയാല്‍ ഈ അരയാലും മുറിച്ച് മാറ്റേണ്ടിവരും എന്നും വിശ്വാസികള്‍ പറയുന്നു. അതുമാത്രമല്ല പാലം പണിയുന്നതിനു ക്ഷേത്രം ഒരു തടസ്സമല്ല എന്നും ക്ഷേത്രം നിലനിര്‍ത്തിക്കൊണ്ട് തന്നെ പാലം പണി നടത്തുവാന്‍ കഴിയും എന്നും വിശ്വാസികള്‍ പറയുന്നു.