ബൗണ്ടറിയിലേക്ക് പറന്ന പന്തിനെ ഒറ്റക്കയ്യിലൊതുക്കി മാര്‍ക്രമിന്റെ ഫ്‌ളൈയിങ് ക്യാച്ച്; വണ്ടറടിച്ച് പോകുന്ന കിടിലന്‍ ക്യാച്ച് വൈറല്‍-വീഡിയോ

ജോഹന്നാസ്ബര്‍ഗ്:ഗ്രൗണ്ടില്‍ മാസ്മരിക ഫീല്‍ഡിങ് പ്രകടനത്തിലൂടെ കാണികളുടെ കൈയ്യടി നേടുന്നവരാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.ഉഗ്രന്‍ ഡൈവിങ് ക്യാച്ചുകളിലൂടെയും പറക്കും സ്റ്റാമ്പിങ്ങിലൂടെയൊക്കെ കാണികളുടെ മനസ്സിലിടം നേടിയ ദക്ഷിണആഫ്രിക്കന്‍ താരം ജോണ്ടി റോഡ്സിനെ അത്രപെട്ടെന്നും ഒരേട് ക്രിക്കറ്റ് ആരാധകനും മറക്കില്ല.ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിലെ ഉജ്ജ്വല ക്യാച്ചിലൂടെ ജോണ്ടി റോഡ്‌സിന്റെ പിന്‍ഗാമിയായിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം. ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാന്‍ മര്‍ക്രാമെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിലിടം നേടിയത്.

48-ാം ഓവറില്‍ കാഗിസോ റബാദയെറിഞ്ഞ പന്തിലായിരുന്നു റോഡ്സിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ മര്‍ക്രാമിന്റെ ഫ്‌ളയിങ് ക്യാച്ച്. എക്സ്ട്രാ കവറിന് മുകളിലൂടെ പന്ത് ബൗണ്ടറിയിലേക്ക് പായിക്കാനായിരുന്നു പാണ്ഡ്യയുടെ ശ്രമം. എന്നാല്‍ നിന്ന നില്‍പ്പില്‍ തന്നെ ചാടി ഉയര്‍ന്ന മര്‍ക്രാം ഒറ്റക്കെ കൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഒരു പക്ഷിയെപ്പോലെയായിരുന്നു മര്‍ക്രാമിന്റെ ഫീല്‍ഡിങ്. ഈ ക്യാച്ചുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. മര്‍ക്രാമിനെ സൂപ്പര്‍മാന്‍ എന്നു വിളിച്ചുള്ളതായിരുന്നു അധിക ട്വീറ്റുകളും.