ഫേസ്ബുക്കില്‍ ഇപ്പോള്‍ പുലികള്‍ പ്രായമായവര്‍ ; യുവാക്കള്‍ കൊഴിഞ്ഞു പോകുന്നു എന്ന് റിപ്പോര്‍ട്ട്

സോഷ്യല്‍ മീഡിയ രാജാവായ ഫേസ്ബുക്കില്‍ നിന്നും യുവാക്കള്‍ കൊഴിഞ്ഞു പോകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. 2017ല്‍ നിന്നും 2018ലെത്തുമ്പോള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന യുവാക്കളില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്‌നാപ് ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയ ആപ്പുകളിലേക്ക് യുവാക്കള്‍ ആകൃഷ്ടരാകുന്നതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. ഇന്‍സ്റ്റാഗ്രാം വന്നതോടെ അതിലേക്ക് ആകൃഷ്ടരായ യുവാക്കളെ വരുതിയിലാക്കാന്‍ ഫേസ്ബുക്കിന് സാധിച്ചെങ്കിലും സ്‌നാപ് ചാറ്റ് ഫേസ്ബുക്കിന് വെല്ലുവിളിയാണ്. ബ്രിട്ടനില്‍ വലിയ വളര്‍ച്ചയാണ് സ്‌നാപ് ചാറ്റ് ആപ്ലിക്കേഷന് ഉണ്ടായിരിക്കുന്നത്. യുവാക്കളുടെ ഈ കൊഴിഞ്ഞുപോക്കില്‍ ലോട്ടറിയടിച്ചിരിക്കുന്നത് പ്രായമായവര്‍ക്കാണ്. അതിനു മുഖ്യമായ കാരണമായി പറയുന്നത് ഫേസ്ബുക്കിന്റെ പ്രായമാണ്. ഇതാണ് മുതിര്‍ന്നവര്‍ക്കിടയില്‍ ഫേസ്ബുക്കിന് പ്രീതി വര്‍ധിക്കാന്‍ മറ്റൊരു കാരണമായി സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം ഫേസ്ബുക്കിന് 14 വയസ്സ് തികയുകയാണ്. ഈ നീണ്ടകാലത്തെ വിജയകരമായ നിലനില്‍പ്പ് മുതിര്‍ന്നവര്‍ക്കിടയില്‍ താല്‍പ്പര്യം കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ എണ്ണം 1.57 കോടിയില്‍ നിന്ന് 1.84 കോടിയായും സ്‌നാപ് ചാറ്റ് ഉപഭോക്താക്കളുടെ എണ്ണം 1.62 കോടിയായും ട്വിറ്റിര്‍ ഉപഭോക്താക്കളുടെ എണ്ണം 1.26 കോടിയായി വര്‍ധിക്കുമെന്നും ദി ഗാര്‍ജഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നിലവിലെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ 1.24 കോടിയാണ്. സ്‌നാപ്ചാറ്റ് ഉപഭോക്താക്കള്‍ 1.48 കോടിയാണ്. 3.26 കോടി സ്ഥിരം ഉപയോക്താക്കളാണ് ബ്രിട്ടനില്‍ ഫേസ്ബുക്കിനുള്ളത്. പ്രായം മാനദണ്ഡമാകുമ്പോഴും ഉപഭോക്താക്കളുടെ എണ്ണത്തില്‍ വ്യത്യാസം വരുന്നുണ്ടെങ്കിലും സമൂഹ മാധ്യമ രംഗത്ത് പ്രഥമ സ്ഥാനം ഫേസ്ബുക്കിന് തന്നെയാണ്.