സൈറ്റടിയിലൂടെ ലോകത്തെ ഞെട്ടിച്ച പ്രിയയ്ക്ക് ‘അഡാര്‍’ നേട്ടം;ലോക സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ പ്രണയ ഗാനമായ ‘മാണിക്യമലരായ പൂവി’ലൂടെ താരമായ പ്രിയാ വാര്യര്‍ ഇന്‍സ്റ്റാഗ്രാമിലും താരമായി.

ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഈ യുവനടി നേടിയിരിക്കുന്നത്.പാട്ട് വൈറലായതിലൂടെ ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷം പേരാണ് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടര്‍ന്നത്.

അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാമതുള്ളത്.8.8 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് ജെന്നറിനെ പിന്തുടര്‍ന്നത്. രണ്ടാം സ്ഥാനത്തുള്ളത് ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്.

ഗാനം റിലീസ് ചെയ്ത് ഒറ്റദിവസത്തില്‍ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് യുവാക്കളുടെ മനസ് പ്രിയ കീഴടക്കിയത്.

പാക്കിസ്ഥാനിലും പ്രിയ താരമാണ്.പയ്യന്‍സിനെ നോക്കിയുള്ള പ്രിയയുടെ കണ്ണിറുക്കല്‍ ഹിറ്റായതോടെ പാക്കിസ്ഥാനി എന്റര്‍ടെയ്‌നേഴ്‌സ് എന്ന ഫേസ്ബുക്ക്‌പേജാണ് പ്രിയയെ ഏറ്റെടുത്തത്. അവള്‍ നിങ്ങളുടെ ഹൃദയത്തെ അലിയിച്ചുകളയും എന്നാണ് ഇവര്‍ പ്രിയയെ പരിചയപ്പെടുത്തുന്നത്.