പാറ്റൂര്‍ കേസ് പരസ്പ്പരം പഴിചാരി ജേക്കബ് തോമസും ജി. ശശീന്ദ്രനും

തിരുവനന്തപുരം : പാറ്റൂര്‍ കേസിലെ തിരിച്ചടിയില്‍ വിജിലന്‍സിനെ വിമര്‍ശിച്ച് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. എഫ്‌ഐആര്‍ ഇട്ട് ഒന്നരമാസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ പദവി ഒഴിഞ്ഞതിനാല്‍ കേസില്‍ ഉത്തരവാദിയല്ല. തെളിവ് ശേഖരിക്കുന്നതിലും കോടതിയെ ധരിപ്പിക്കുന്നതിലും തുടര്‍ന്ന് വന്ന വിജിലന്‍സ് നേതൃത്വത്തിന് വീഴ്ച പറ്റി എന്ന് അദ്ധേഹം ആരോപിക്കുന്നു. എന്നാല്‍ പാറ്റൂര്‍ ഭൂമി വിവാദം, ബാര്‍ കോഴ തുടങ്ങിയ കേസുകളില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന് സ്ഥാപിത താല്പര്യങ്ങളുണ്ടായിരുന്നുവെന്നാണ് വിജിലന്‍സ് മുന്‍ നിയമോപദേഷ്ടാവ് ജി. ശശീന്ദ്രന്റെ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ ജേക്കബ് തോമസ് സമ്മര്‍ദ്ദത്തിലാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ പാവപ്പെട്ടവന്റെ ഭൂമിയെങ്കില്‍ പൈപ്പ് ലൈന്‍ മാറ്റുമായിരുന്നോയെന്നും തുടര്‍ നടപടി വിജിലന്‍സിന്റെ ഉത്തരവാദിത്തമെന്നും ജേക്കബ് തോമസ് പറയുന്നു. വിജിലന്‍സ് ഡയറക്ടറുടെ തസ്തിക മാറ്റ ശുപാര്‍ശക്കെതിരെ ജേക്കബ് തോമസ് പ്രതികരിച്ചു.

കേന്ദ്ര നിയമമനുസരിച്ച് വിജിലന്‍സ് ഡയറക്ടറാകേണ്ടത് ഡിജിപി തന്നെയാണെന്നും ജേക്കബ് തോമസ് പറയുന്നു. ഏത് ഉന്നതനെതിരെയും അന്വേഷണം നടത്തണമെങ്കില്‍ ഡിജിപി റാങ്ക് വേണമെന്നും അദ്ദേഹം പറയുന്നു. പാറ്റൂര്‍ ഭൂമി ഇടപാടിലെ വിജിലന്‍സ് കേസ് ഭാവനാ സൃഷ്ടിയെന്ന് പറഞ്ഞാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസെടുത്തപ്പോള്‍ വിജലന്‍സ് തലപ്പത്തുണ്ടായിരുന്ന ജേക്കബ് തോമസിനെതിരെയും രൂക്ഷ വിമര്‍ശനമുണ്ടായി. കേസെടുത്ത് അഴ്ചകള്‍ക്കകം വിജിലന്‍സ് ഡയറക്ടര്‍ പദവി ഒഴിഞ്ഞതിനാല്‍ അന്വേഷണത്തിലും തെളിവ് ശേഖരണത്തിലും പങ്കില്ലെന്നാണ് ജേക്കബ് തോമസിന്റെ വിശദീകരണം. അതേസമയം ആവശ്യമായ വിവരങ്ങള്‍ ഇല്ലാതെയാണ് ജേക്കബ് തോമസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് ശശീന്ദ്രന്‍ ആരോപിക്കുന്നു. പാറ്റൂര്‍ കേസിലടക്കം വിജിലന്‍സിന് വേണ്ടി ഹാജരായിരുന്ന ശശീന്ദ്രനെ തുടര്‍ച്ചയായി വീഴ്ചവരുത്തിയെന്ന് കാണിച്ച് ജേക്കബ് തോമസ് മാറ്റുകയായിരുന്നു. അതേസമയം ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി തുടരാന്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഓഖി ദുരന്തത്തിലെ ധനവിനിയോഗം സംബന്ധിച്ച് നടത്തിയ പ്രസ്താവനയാണ് അച്ചടക്ക നടപടിക്ക് കാരണമായത്.