കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; രണ്ടു മലയാളികളുള്‍പ്പടെ 5 പേര്‍ മരിച്ചു; നിരവധി പേര്‍ക്കു പരുക്ക്

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു മലയാളികളുള്‍പ്പടെ 5 പേര്‍ മരിച്ചു. അപകടത്തില്‍ 11 ഓളം പേര്‍ക്കു പരുക്കേറ്റു. കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച സാഗര്‍ ഭൂഷണെന്ന ഒഎന്‍ജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ വാട്ടര്‍ ടാങ്കറിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

ഇന്ന് കപ്പല്‍ ശാലയ്ക്ക് അവധിയായതിനാല്‍ ഇവിടുത്തെ ജീവനക്കാരൊന്നും കപ്പലില്‍ പോയിട്ടില്ല. എന്നാല്‍ കപ്പലിലെ ജീവനക്കാര്‍ ഉള്ളിലുണ്ടായിരുന്നു. ഇവരാണ് അപടകത്തില്‍ പെട്ടത്. തീ ആളിപ്പടരുന്നതിനാല്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. കപ്പലില്‍ ഇപ്പോഴും തീ പടരുകയാണ്.  കൂടുതല്‍ ആംബുലന്‍സുകളും അഗ്‌നിശമനാ വാഹനങ്ങളും കപ്പല്‍ ശാലയിലേക്ക് എത്തിച്ചിട്ടുണ്ട്.