കണ്ണിറുക്കി കരളിലെത്തിയ പ്രിയ ദുല്‍ക്കറിനെയും പിന്നിലാക്കി മുന്നോട്ട്;ആരാധകരുടെ എണ്ണത്തില്‍ പ്രിയയ്ക്ക് റെക്കോര്‍ഡ്

ഒരു പാട്ടും ഒരു കണ്ണിറുക്കലും സംഭവമിത്രയേയുള്ളു പക്ഷെ സംഭവം ട്രെന്റിങായി.പാട്ടും കണ്ണിറുക്കലും ഹിറ്റായി.ദേ ഇപ്പൊ റെക്കോര്‍ഡുമായി.പറഞ്ഞു വരുന്നത് ആരെപ്പറ്റിയാണെന്നു കത്തിക്കാണുമല്ലോ അല്ലേ? അതെ നമ്മുടെ പുതിയ നായിക പ്രിയയെപ്പറ്റി തന്നെ.ആണോ?എന്നാല്‍ എന്താണ് പുതിയ വര്‍ത്തമാനം എന്നല്ലേ.പാട്ടു കൊണ്ട് കേരളത്തിലും ഇന്ത്യയിലും ട്രെന്‍ഡിങ്ങായി മാറിയ പ്രിയ ഇന്‍സ്റ്റാഗ്രമില്‍ ദുല്‍ക്കറിനെയും പിന്നിലാക്കി മുന്നേറുന്നു എന്നത് തന്നെ.തീര്‍ന്നില്ല ഇതോടെ മലയാളത്തില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി പ്രിയ മാറിയിരിക്കുന്നു. നിലവില്‍ ഇരുപത് ലക്ഷമാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയയുടെ ആരാധകര്‍. ദുല്‍ക്കറാണ് തൊട്ടുപുറകില്‍ 19 ലക്ഷം.

രണ്ടായിരും ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് നാലു ദിവസം കൊണ്ട് ലഭിച്ചത് 16 ലക്ഷം ഫോളോവേഴ്‌സിനെയാണ്. നടി പാര്‍വതിക്കും ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ആരാധകരുണ്ട്. മഞ്ജിമ മോഹന് ഒന്‍പത് ലക്ഷം ഫോളോവേര്‍സ്. കീര്‍ത്തി സുരേഷിന് അഞ്ച് ലക്ഷം.മിനിറ്റ് വച്ച് ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ മിന്നും താരമാണ്.

ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ലാത്തതുകൊണ്ടുതന്നെ പ്രിയയെ ഇന്‍സ്റ്റാഗ്രമില്‍ നിരവധി ആളുകളാണ് തിരയുന്നത്. തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്.യുട്യൂബില്‍ 50 ലക്ഷം ആളുകള്‍ കണ്ട പാട്ട് ഇപ്പോഴും ട്രെന്‍ഡിങ് സ്ഥാനത്ത് ഒന്നാമതാണ്.