പാക്കിസ്ഥാന്‍ കശ്മീര്‍ ആക്രമിച്ചപ്പോള്‍ നെഹ്‌റു ആര്‍എസ്എസിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് ഉമാ ഭാരതി

ഭോപ്പാല്‍: സ്വാതന്ത്ര്യനന്തരം പാക്കിസ്ഥാന്‍ ജമ്മു കശ്മീര്‍ ആക്രമിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസിന്റെ സഹായം തേടിയിരുന്നുവെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി ഉമ ഭാരതി രംഗത്ത്. നെഹ്‌റുവിന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവിടെയെത്തി സഹായം ചെയ്തുവെന്നും ഉമ ഭാരതി വ്യക്തമാക്കി.

യുദ്ധ സാഹചര്യമുണ്ടായാല്‍ ആര്‍എസ്എസിനു മൂന്നു ദിവസം കൊണ്ട് സജ്ജമാകാന്‍ കഴിയുമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഉമ ഭാരതി പുതിയ അവകാശവാദവുമായി രംഗത്ത് വരുന്നത്. അതേസമയം, മോഹന്‍ ഭഗവതിന്റെ പരാമര്‍ശങ്ങള്‍ക്കു നേരിട്ടൊരു പ്രതികരണം നടത്താന്‍ ഉമാ ഭാരതി തയാറായില്ല.

‘സ്വാതന്ത്ര്യത്തെത്തുടര്‍ന്നു കശ്മീര്‍ ഭരിച്ചിരുന്ന മഹാരാജ ഹരി സിങ് ജമ്മു കശ്മീരിനെ ഇന്ത്യയോടു ചേര്‍ക്കാനുള്ള കരാര്‍ ഒപ്പിടാന്‍ മടിച്ചു. ഒപ്പിടണമെന്ന് ഷെയ്ഖ് അബ്ദുല്ല നിര്‍ബന്ധിക്കുകയും ചെയ്തു. നെഹ്‌റുവും ധര്‍മസങ്കടത്തിലായി. ഉടന്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തുകയായിരുന്നു. അവരുടെ സൈനികര്‍ ഉധംപുര്‍ വരെയെത്തുകയും ചെയ്തു.

പെട്ടെന്ന് അവിടെയെത്താനുള്ള ‘ഹൈടെക്ക് ഉപകരണങ്ങള്‍’ ഇന്ത്യന്‍ സൈന്യത്തിനുണ്ടായിരുന്നില്ല. ആക്രമണം അത്രമേല്‍ അപ്രതീക്ഷിതമായിരുന്നു. ആ സമയത്തു പ്രവര്‍ത്തകരുടെ സഹായം വേണമെന്ന് ആവശ്യപ്പെട്ടു നെഹ്‌റു അന്ന് ആര്‍എസ്എസ് മേധാവിയായിരുന്ന എം.എസ്. ഗോള്‍വാക്കര്‍ക്ക് കത്തയച്ചു. ഇതേത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജമ്മു കശ്മീരിലെത്തി സഹായിക്കുകയായിരുന്നു’ – ഉമാ ഭാരതി അവകാശപ്പെട്ടു.

‘ഇന്ന് സൈന്യത്തിനു നേരെ കല്ലേറുണ്ടാകുന്നു, അവര്‍ക്കുനേരെ എഫ്‌ഐആര്‍ ചാര്‍ത്തപ്പെടുന്നു. സൈന്യം സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നുവെന്നു ജെഎന്‍യുവില്‍ (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി) ആരോപണങ്ങളുയരുന്നു… ഇതൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നാല്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു കഴിയുമെന്നു പറയുമ്പോള്‍ അതു സൈന്യത്തിനുള്ള അപമാനമാണെന്നു പറയുന്നു’ – ഉമാ ഭാരതി പറഞ്ഞു.