എക്സ്റ്റസി മലയാള സിനിമാക്കാരുടെ ഇഷ്ടലഹരി ; വില പതിനായിരത്തിന് മുകളില്‍

സമ്പന്നരും സിനിമാക്കാര്‍ അടക്കമുള്ള മലയാള സെലിബ്രിറ്റികളുടെ ഇഷ്ട ലഹരികളില്‍ ഒന്നാണ് എക്സ്റ്റസി എന്ന മെഥലീന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍ (എംഡിഎംഎ). പേരുപോലെതന്നെ, ഉപയോഗിക്കുന്നവരെ ഉന്മാദത്തിന്റെ മൂര്‍ച്ഛയിലെത്തിക്കുന്ന ഈ ലഹരിമരുന്നിന് പ്രത്യേകിച്ചൊരു ഗന്ധമില്ലാത്തതിനാല്‍ ഉപയോഗിച്ചതായി മറ്റുള്ളവര്‍ക്കു പെട്ടെന്നു മനസ്സിലാവില്ല. അതുപോലെ ലഹരി ഏറെനേരം നില്‍ക്കുകയും ചെയ്യും എന്നത് കൊണ്ട്. അതാണ് എക്സ്റ്റസിക്കു പ്രിയം കൂടാനുള്ള കാരണമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പേരിലെ ആനന്ദം സ്വഭാവത്തില്‍ കാട്ടാത്ത ഈ മയക്കുമരുന്ന് വന്ധ്യത ഉള്‍പ്പെടെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യും.

ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഐ 100 മില്ലിഗ്രാമിന് 5000 രൂപ മുതല്‍ 6500 രൂപ വരെയാണ് സാധാരണ വിലയെങ്കിലും സിനിമാരംഗത്തെയും മറ്റും ആഘോഷപാര്‍ട്ടികള്‍ക്കായി 100 മില്ലിഗ്രാമിന് 11,000 രൂപ വരെ മോഹവില ഈടാക്കാറുണ്ടെന്നും സൂചനയുണ്ട്. 0.5 ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കൈവശം വയ്ക്കുന്നത് മയക്കുമരുന്നു നിരോധന നിയമപ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ്. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയയുടെ കണ്ണികളായ ചില ആഫ്രിക്കന്‍ സ്വദേശികളാണ് ഈ ലഹരിമരുന്ന് ദക്ഷിണേന്ത്യയില്‍ എത്തിക്കുന്നതെന്നും പൊലീസ് പറയുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങള്‍ക്കു പുറമേ മലപ്പുറത്തെ നിലമ്പൂരിലും കഴിഞ്ഞ ഡിസംബറില്‍ എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.