സിനിമയില്‍ പുലിയായിരിക്കും എന്നാല്‍ ഞങ്ങളോട് കളിക്കണ്ട എന്ന് പെരുമ്പാവൂര്‍കാര്‍ ; ആന്റണി പെരുമ്പാവൂരിനെ പാഠം പഠിപ്പിക്കാന്‍ നാട്ടുകാര്‍

പെരുമ്പാവൂര്‍ : മലയാള സിനിമയില്‍ ഏവര്‍ക്കും പരിചിതമായ ഒരു നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാല്‍ എന്ന താരത്തിന്റെ വലം കൈയായ ഇദ്ദേഹം മലയാളികള്‍ക്കും സുപരിചിതനാണ്. തന്റേതായ ഒരു സ്ഥാനം സിനിമയില്‍ നേടിയെടുത്ത ആന്റണിക്ക് എന്നാല്‍ സ്വന്തം നാട്ടില്‍ അങ്ങനെയല്ല എന്ന് വേണം കരുതാന്‍. കാരണം ആന്റണിക്ക് എതിരെ ഒരു ഗ്രാമം മുഴുവന്‍ ഇപ്പോള്‍ പോരാട്ടത്തിലാണ് എന്നാണു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒരേക്കറോളം വരുന്ന നെല്‍പ്പാടം ആന്റണി പെരുമ്പാവൂര്‍ നികത്തിയതിന് എതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. തരിശ് ഭൂമിയെന്ന് പറയുന്ന ആന്റണി പെരുമ്പാവൂരിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് കൃഷിക്കാര്‍. സിപിഎമ്മിന്റെ നേതൃത്വവും നാട്ടുകാരുടെ കൂടെയുണ്ട് എന്നാണ് വിവരങ്ങള്‍. പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിനരികിലുള്ള നെല്‍പ്പാടം നികത്തിയ ആന്റണി പെരുമ്പാവൂരിന്റെ നീക്കത്തിനെതിരെയാണ് നാട്ടുകാര്‍ സംഘടിച്ച് രംഗത്ത് എത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം സിപിഎം വിവാദ വയലില്‍ ചെങ്കൊടി നാട്ടുകയും ചെയ്തിരുന്നു.

ഈ വയല്‍ പ്രദേശം നികത്തി കരഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അതങ്ങനെ അല്ലെന്ന് അവര്‍ ആന്റണി പെരുമ്പാവൂരിന് കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.നിര്‍മ്മാതാവ് നികത്തിയ ഭൂമിക്ക് സമീപത്തുള്ള നെല്‍വയലില്‍ സിപിഎം പിന്തുണയോടെ കൃഷി ഇറക്കാനാണ് നാട്ടുകാരുടെ തീരുമാനം. ആന്റണി പെരുമ്പാവൂരിന്റെ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഒരേക്കറോളം വരുന്ന വയല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്റെ ഉടമസ്ഥയില്‍ ഉള്ളതാണ്. ഈ സ്ഥലത്ത് നാട്ടുകാര്‍ ട്രാക്ടറിറക്കി നിലമുഴുതു. ഈ സ്ഥലം നെല്‍കൃഷിക്ക് അനുയോജ്യമാണ് എന്ന് തെളിയിക്കുകയാണ് നാട്ടുകാരുടെ ലക്ഷ്യം. 2007 തൊട്ട് ഈ നെല്‍പ്പാടം മണ്ണിട്ട് നികത്താന്‍ തുടങ്ങിയതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.ജനത്തിന് കിട്ടേണ്ട ജലസ്രോതസ്സുകളേയും കൃഷിയിടങ്ങളേയും നശിപ്പിച്ച് കളയുന്ന മാഫിയകള്‍ക്കെതിരായ പ്രതിരോധം തീര്‍ക്കല്‍ കൂടിയാണ് തങ്ങളുടെ സമരമെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.

2007ലാണ് 92 സെന്റ് ഭൂമി ആന്റണി പെരുമ്പാവൂര്‍ വിലയ്ക്ക് വാങ്ങിയത്. നെല്‍കൃഷി സാധ്യമല്ലെന്ന ന്യായം പറഞ്ഞാണ് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഈ ഭൂമി നികത്തി തുടങ്ങിയത്. പാഴ്മരങ്ങളും വാഴയും മറ്റും വെച്ച് പിടിപ്പിച്ചാണ് വയല്‍ പ്രദേശം കരഭൂമിയാക്കി മാറ്റിയത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരസ്യമായ ലംഘനമാണ് ആന്റണി പെരുമ്പാവൂര്‍ നടത്തിയത് എന്നാരോപിച്ച് നാട്ടുകാര്‍ നേരത്തെ ജില്ലാ കളക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അന്വേഷണം നടത്തുകയും നിര്‍മ്മാതാവിന് എതിരെ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. പാടം നികത്താനുള്ള ശ്രമം നടക്കുന്നതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടില്‍, ഇനി അത്തരം പ്രവര്‍ത്തനങ്ങള്‍ വിവാദ ഭൂമിയില്‍ നടത്തരുത് എന്ന ഉത്തരവും ഉണ്ടായിരുന്നു. ഈ ഉത്തരവിന് എതിരെ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. പരാതിക്കാരുടെ വാദം കഴിയുന്നത് വരെ സ്ഥലത്ത് നിര്‍മ്മാണം പാടില്ലെന്ന് ഹൈക്കോടതി സ്റ്റേ നല്‍കവേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവും ആന്റണി പെരുമ്പാവൂര്‍ കണക്കിലെടുക്കുന്നില്ലെന്നും വിവാദ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മാത്രമല്ല, വിഷയം ഉയര്‍ത്തിക്കൊണ്ടു വന്ന നാട്ടുകാര്‍ക്കെതിരെ ആന്റണി പെരുമ്പാവൂര്‍ പ്രതികാര നടപടിയുമെടുത്തു. കൃഷിക്കാരുടെ പാടങ്ങളിലേക്ക് വെള്ളം പോകുന്ന കാന നികത്തിയാരുന്നു പ്രതികാരം ചെയ്തത്.

ഇപ്പോള്‍ സിപിഎം ആന്റണി പെരുമ്പാവൂരിനെതിരെ പ്രചാരണം നടത്തി വരികയാണ്. പെരുമ്പാവൂരിലെ വിവിധ ഇടങ്ങളില്‍ ആന്റണി പെരുമ്പാവൂരിന് എതിരെ ഫ്ളക്സ് ബോര്‍ഡുകളും മറ്റും സിപിഎം സ്ഥാപിച്ചിട്ടുണ്ട്. അത് കൂടാതെ സിപിഎം പട്ടാല്‍ ബ്രാഞ്ച് നിയമത്തിന്റെ വഴിക്കും ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ പോലീസ് അടക്കം ആന്റണി പെരുമ്പാവൂരിന് ഒപ്പമാണെന്ന് സിപിഎം ആരോപിക്കുന്നുണ്ട്.