അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന പ്രതികളെ, ആള്‍ക്കൂട്ടം സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു

ഇറ്റാനഗര്‍: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടുപേരെ പോലീസ് സ്റ്റേഷനില്‍ നിന്നും പിടിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. അരുണാചല്‍ പ്രദേശിലെ ലോഹിത്തിലാണ് സംഭവം. സഞ്ജയ് സോബാര്‍(30), ജഗ്ദീഷ് ലോഹര്‍(25) എന്നിവരാണ് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്.

ഫെബ്രുവരി 12 ന് വാക്രോ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട അഞ്ചുവയസ്സുകാരിയെ ഇവര്‍ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആള്‍ക്കൂട്ടം സംഘടിച്ചെത്തി പ്രതികളെ സ്റ്റേഷനില്‍നിന്ന് വലിച്ചിറക്കി നാട്ടുകാരുടെ മുന്നിലിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയത്.

തല്ലിക്കൊന്ന ശേഷം മൃതദേഹത്തിന് തീയിടാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെത്തി തടയുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ കഴഞ്ഞിട്ടില്ല.