അരയില്‍ ‘അരഞ്ഞാണം’ പോലെ 16 കുപ്പി മദ്യം കെട്ടിവച്ച് കടത്താന്‍ ശ്രമം; വളഞ്ഞിട്ട് പിടിച്ച് എക്‌സൈസ്- വിഡിയോ

കല്‍പറ്റ: അരക്കെട്ടിനു ചുറ്റും കെട്ടിവച്ച 16 കുപ്പി വിദേശമദ്യം കടത്തിയയാളെ പിടികൂടി. വൈത്തിരി വടുവന്‍ചാല്‍ വിണ്ണം പറമ്പില്‍ ചന്ദ്രനെയാണ് (55) എക്‌സൈസ് പിടികൂടിയത്. തമിഴ്‌നാട്ടിലെ വിദേശമദ്യശാലകളില്‍ നിന്നു മദ്യം വാങ്ങി വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ വില്‍ക്കാനെത്തിയ ചന്ദ്രനെ എക്‌സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇന്നലെ അതിര്‍ത്തിയിലെ താളൂരില്‍ വച്ച് എക്‌സൈസ് സംഘം പരിശോധിച്ചപ്പോള്‍ ആദ്യം കുഴപ്പം തോന്നിയില്ലെങ്കിലും പിന്നീടാണ് ശരീരം പരിശോധിച്ചത്.

ആരും കാണാത്ത രീതിയില്‍ 16 കുപ്പി മദ്യമാണ് ഇയാള്‍ അരക്കെട്ടില്‍ കെട്ടിവച്ചിരുന്നത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട് മുന്‍പും ഇയാള്‍ അറസ്റ്റിലായിരുന്നു. പ്രിവന്റിവ് ഓഫിസര്‍ വി.ആര്‍.ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.