വിമാനത്താവളത്തിനുള്ളിലെ മോഷണം: പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘമെന്ന് സൂചന

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രവാസി മലയാളികളടക്കമുള്ള യാത്രക്കാരുടെ വിലയേറിയ സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്നതിനു പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘങ്ങളെന്നു സൂചന. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ക്ക് കോഴിക്കോടും അനുയായികളുണ്ടെന്നാണ് സംശയം. ഇവരാണ് ബാഗ് കുത്തിത്തുറന്ന് വിലപ്പെട്ട സാധനങ്ങളും പണവും കവരുന്നത്. കഴിഞ്ഞദിവസം സാധനങ്ങള്‍ നഷ്ടമായ ബാഗേജുകളില്‍ കണ്ട ചില പ്രത്യേക അടയാളങ്ങളാണ് സംശയത്തിലേക്ക് വഴിതെളിച്ചത്.

ദുബായ് വിമാനത്താവളത്തിലെ എക്സ്റേ പരിശോധനാവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരും കോഴിക്കോട് വിമാനത്താവളത്തിലെ ഗ്രൗണ്ട്സ്റ്റാഫും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അധികൃതര്‍ പരിശോധിച്ചു വരികയാണ്. ദുബായ് വിമാനത്താവളത്തില്‍ എക്സ്റേ പരിശോധിക്കുന്ന ജീവനക്കാര്‍ക്ക് ബാഗിനുള്ളില്‍ എന്തൊക്കെ സാധനങ്ങളാണുള്ളതെന്ന് അറിയാന്‍ കഴിയും. ഇത്തരം വിലയേറിയ സാധനങ്ങളടങ്ങിയ ബാഗേജില്‍ ചില പ്രത്യേക അടയാളങ്ങളിടും. കോഴിക്കോട് വിമാനത്താവളത്തില്‍ സംഘാംഗങ്ങള്‍ ബാഗേജുകള്‍ തുറന്ന് സാധനങ്ങള്‍ കൈക്കലാക്കും.

വിമാന കണ്ടെയ്നറില്‍നിന്ന് സാധനങ്ങള്‍ പുറത്തിറക്കുമ്പോള്‍ ഇത്തരത്തിലുള്ള ബാഗേജുകള്‍ മാറ്റിവെക്കും. സുരക്ഷാജീവനക്കാരും വിമാനക്കമ്പനി സുരക്ഷാജീവനക്കാരും പോയശേഷമായിരിക്കും ഇത്തരം ബാഗേജുകളിലെ സാധനങ്ങള്‍ മോഷ്ടിക്കുന്നത്. കഴിഞ്ഞദിവസം സാധനങ്ങള്‍ നഷ്ടമായ പലര്‍ക്കും വൈകിയാണ് ബാഗേജുകള്‍ ലഭ്യമായത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരത്തിലുള്ള മോഷണങ്ങള്‍ തുടര്‍ക്കഥയായതിനെത്തുടര്‍ന്ന് ദുബായിലും കോഴിക്കോടും കേന്ദ്രീകരിച്ച് എയര്‍ ഇന്ത്യ അന്വേഷണം നടത്തിയിരുന്നു. അന്ന് സംഭവത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ ഏതാനുംപേരെ എയര്‍ ഇന്ത്യ സ്ഥലംമാറ്റി. ഇതില്‍ ചിലര്‍ ഇപ്പോള്‍ കോഴിക്കോട്ടുതന്നെ തിരിച്ചെത്തിയതായി സൂചനയുണ്ട്. എയര്‍ ഇന്ത്യ വിമാനത്തിലെ ബാഗേജുകളില്‍നിന്നു മാത്രമാണ് സാധനങ്ങള്‍ നഷ്ടമാകുന്നത്.

ബാഗേജുകളില്‍നിന്ന് സാധനങ്ങള്‍ നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ദുബായ് വിമാനത്താവള അധികൃരുടെ സഹായം തേടി. ദുബായ് വിമാനത്താവളത്തിലെ സ്റ്റേഷന്‍ മാനേജര്‍ വഴിയാണ് സഹായം തേടിയത്. രണ്ടാമത്തെ ടെര്‍മിനലിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിക്കാനും സംഭവത്തില്‍ അന്വേഷണം നടത്താനുമാണ് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.