തുടങ്ങാനിരുന്ന വര്‍ക്ക് ഷോപ്പിന്റെ ഭൂമിയില്‍ പാര്‍ട്ടിക്കാര്‍ കൊടി നാട്ടി ; ജീവിതം വഴിമുട്ടിയ മദ്ധ്യവയസ്കന്‍ തൂങ്ങിമരിച്ചു

പുനലൂര്‍ ഐക്കരക്കോണം സ്വദേശി സുഗതനാണ് പൈനാപ്പിള്‍ ജംഗ്ഷനില്‍ താന്‍ തുടങ്ങാനിരുന്ന വര്‍ക്ക്‌ഷോപ്പിന്റെ റൂഫില്‍ തൂങ്ങിമരിച്ചത്. ഇദ്ദേഹം വര്‍ക്ക് ഷോപ്പ് തുടങ്ങാനായ വാടകയ്‌ക്കെടുത്ത ഭൂമിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സി പി എം യുവജന സംഘടനയായ എഐവൈഎഫിന്റെ പ്രവര്‍ത്തകര്‍ വന്നു പാര്‍ട്ടി കൊടി നാട്ടുകയും ഇദ്ദേഹം വര്‍ക്ക്‌ഷോപ്പ് തുടങ്ങുന്നതിനെതിരെ താക്കീത് ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് സിപിഐയുടെയും എഐവൈഎഫിന്റെയും നേതാക്കളെ സുഗതന്‍ കണ്ടു ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതെയാണ് താന്‍ ഈ സ്ഥാപനം തുടങ്ങുകയാണ് എന്ന് പറഞ്ഞിട്ടും നേതാക്കളുടെ ഭാഗത്ത് നിന്നും അനുകൂലമായ ഒരു മറുപടിയുണ്ടായില്ലെന്ന് മാത്രമല്ല ഭീഷണിയുടെ സ്വരം കടുക്കുകയും ചെയ്തു എന്ന് സുഗതന്റെ മക്കള്‍ ആരോപിക്കുന്നു.

എഐവൈഎഫ് പ്രവര്‍ത്തകര്‍ മുന്‍വൈരാഗ്യത്തിന്റെ ഭാഗമായ് ശത്രുവിനോടെന്നവണ്ണം നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായ് തളര്‍ത്തുകയും ചെയ്തതിന്റെ ഭാഗമായാണ് സുഗതന്‍ ആത്മഹത്യ ചെയ്യേണ്ടിവന്നതെന്ന് അദ്ദെഹത്തിന്റെ മക്കള്‍ പറയുന്നു. സംഭവത്തില്‍ കുന്നിക്കോട് പോലീസ് അന്വേഷണമാരംഭിച്ചൂ. അതേസമയം ഇത്തരത്തില്‍ ഒരു സ്ഥാപനം തുടങ്ങുന്നതിന് വിളക്കുടി ഗ്രാമപഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടില്ല എന്നാണു ഭരണസമിതി നല്‍കുന്ന ന്യായീകരണം.