അതെ,അവര്‍ തല്ലിക്കൊന്നത് തന്നെ; മധുവിന്റെ മരണം ആള്‍ക്കൂട്ട മര്‍ദനം മൂലമാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

അട്ടപ്പാടി: ആദിവാസി യുവാവ് മധുവിന്റെ മരണം ആള്‍ക്കൂട്ട മര്‍ദനം മൂലമാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് . ഇന്ന് രാവിലെ പൂര്‍ത്തിയായ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മരണ കാരണം മര്‍ദനം മൂലമാണെന്ന് വ്യക്തമായത്.

മര്‍ദനമേറ്റത് മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മധുവിന്റെ മരണകാരണമെന്നാണ് തെളിഞ്ഞിരിക്കുന്നത്. തലയ്ക്ക് ശക്തമായ അടിയേറ്റിട്ടുണ്ട് ഇത് രക്തസ്രാവമുണ്ടാവാന്‍ കാരണമായി. മാത്രമല്ല നെഞ്ചിലും മര്‍ദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മര്‍ദനത്തില്‍ മധുവിന്റെ വാരിയെല്ലും തകര്‍ന്നിട്ടുണ്ട്. സംഭവം കൊലക്കുറ്റമാണെന്ന് തെളിഞ്ഞതോടെ പ്രതികള്‍ക്കെതിരെ ഐ.പി.സി 307,302,324 വകുപ്പുകള്‍ ചുമത്തി കേസന്വേഷിക്കുമെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി.എം.ആര്‍ ആജിത്കുമാര്‍ അറിയിച്ചു. മാത്രമല്ല എസ്.സി എസ്.ടി ആക്ടും ചേര്‍ത്ത് കേസെടുക്കും.

വെള്ളിയാഴ്ച നാല് മണിയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച മധുവിന്റെ മൃതദേഹത്തില്‍ ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. സംഭവുമായി ബന്ധമുള്ള 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ കൂടി കിട്ടാനുണ്ട്. മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം മൂന്നര മണിക്കൂറോളം നീണ്ടു നിന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി.