ആഫ്രിക്കന്‍ മണ്ണില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍ പുലികള്‍

കേപ്പ് ടൗണ്‍: ആഫ്രിക്കന്‍ മണ്ണില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ട്വന്റി20 പരമ്പര ഇന്ത്യന്‍ വനിതകള്‍ 3-1ന് സ്വന്തമാക്കി. ഇത് ആദ്യമായിട്ടാണ് ആഫ്രിക്കന്‍ മണ്ണില്‍വെച്ച് ഇന്ത്യന്‍ ടീം ഏകദിന പരമ്പരയും ട്വന്റി പരമ്പരയും നേടുന്നത് . കേപ്പ് ടൗണില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയുമായ ട്വന്റി മത്സരത്തില്‍ 54 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യയെ 4 വിക്കറ്റ് നഷ്ടത്തില്‍ 166 എന്ന നിലയില്‍ ഒതുക്കുന്നതില്‍ ആതിഥേയര്‍ വിജയിച്ചു.

50 ബോളില്‍ നിന്നും എട്ടു ഫോറുകളും മൂന്നു സിക്സറുകളും അടക്കം 62 റണ്‍സ് നേടിയ മിതാലി രാജും 34 ബോളില്‍ നിന്നും 44 റണ്‍സ് നേടിയ റോഡ്രിഗസും ബാറ്റിങില്‍ തിളങ്ങി. മന്ദന 13ഉം വേദ എട്ടു റണ്‍സും നേടി. കളി തീരുമ്പോള്‍ 27 റണ്‍സുമായി നായിക ഹര്‍മന്‍ പ്രീത് സിങ് പുറത്താകാതെ നില്‍ക്കുകയായിരുന്നു. അതേസമയം മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടീം 18 ഓവറില്‍ 112 റണ്‍സെടുക്കുന്നതിനിടെ പവലിയനിലേക്ക് മടങ്ങി. മൂന്നു വിക്കറ്റ് നേടിയ ശിഖ പാണ്ഡെയും രണ്ടു വിക്കറ്റ് നേടിയ പൂജയുമാണ് കളി ഇന്ത്യന്‍ വരുതിയില്‍ നിര്‍ത്തിയത്.