മോദിയെ അമേരിക്കയിലേക്ക്​ ക്ഷണിച്ച്​ ട്രംപ്​

ന്യൂഡൽഹി :  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 45ാം അമേരിക്കൻ പ്രസിഡൻറായി സ്​ഥാനമേറ്റ്​ നാലാം ദിവസമാണ്​ ട്രംപ്​ മോദിയെ അമേരിക്കയിലേക്ക്​ ക്ഷണിച്ചത്​. ഇന്നലെ രാത്രി 11.30ഒാടെ ഫോണിൽ വിളിച്ചാണ്​ ക്ഷണം.  ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടുന്നതില്‍ അമേരിക്കയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു. സാമ്പത്തിക –പ്രതിരോധ രംഗത്തെ സഹകരണത്തെ കുറിച്ച്​ ​ ഇരുവരും  സംസാരിച്ചു. ട്രംപുമായി ഉഷ്മളമായ സംഭാഷണമാണ് നടന്നതെന്നും വരുംകാലത്ത് ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചതായും മോദി ട്വിറ്ററില്‍ കുറിച്ചു.  ട്രംപിനെ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ക്ഷണിച്ചതായും അദ്ദേഹം വ്യക്തമാക്കി.സ്​ഥാനമേറ്റ ​േശഷം ട്രംപ്​ സംസാരിക്കുന്ന അഞ്ചാമത്തെ ലോകനേതാവാണ്​ മോദി. ജനുവരി 21ന്​ കനേഡിയൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രേൂഡോയെയും മെക്​സിക്കൻ പ്രസിഡൻറ്​ പിന നീയേറ്റൊയെയും ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെയും കഴിഞ്ഞ ദിവസം ഇൗജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫതാഹ്​ അൽ സീസിയെയും ട്രംപ്​ ഫോണിൽ വിളിച്ചിരുന്നു. പ്രസിഡൻറായി സ്​ഥാനമേറ്റ ട്രംപിനെ അഭിനന്ദിച്ച ആദ്യ നേതാവ്​ മോദിയായിരുന്നു. ട്രംപുമായി ചേർന്ന്​ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി മോദി ട്വീറ്റു ചെയ്തിരുന്നു.