ബലാല്‍സംഗത്തിലൂടെ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ആശുപത്രിയില്‍ പ്രസവസഹായം നിഷേധിച്ചു
ബറേലി : ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ആശുപത്രിയില്‍ പ്രസവസഹായം നിഷേധിച്ചു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. ഷേർഗാഹിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നഴ്സാണ് പെൺകുട്ടിക്ക് വൈദ്യസഹായം നിരസിച്ചത്. തുടർന്ന് പെൺകുട്ടി ആംബുലൻസിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പരിശോധിച്ച നഴ്സ് അവൾ ബലാത്സംഗത്തെ തുടർന്നാണ് ഗർഭിണിയായതെന്നതിനാൽ സഹായിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. അതുമല്ല പ്രസവത്തിന് ബറേലി ജില്ലാ ആശുപത്രിയിലേക്ക് പെൺകുട്ടിയെ മാറ്റണമെന്ന് നഴസ് ആവശ്യപ്പെട്ടതായി പെൺകുട്ടിയുടെ ബന്ധു ആരോപിച്ചു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം മറ്റൊരു ആംബുലൻസ് വിളിച്ച് മഹാറാണ പ്രതാപ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വാഹനത്തിൽവെചാണ് പ്രസവം നടന്നത്. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി ഡ്യൂട്ടി നഴ്സിനെക്കൊണ്ട് പൊക്കിൾകൊടി മുറിപ്പിച്ചു.
സ്കൂൾസർട്ടിഫിക്കറ്റ് പ്രകാരം 14 വയസ്സ് മാത്രം പ്രായമേ പെൺകുട്ടിക്കുള്ളു. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ ഗ്രാമത്തിലെ ഒരാളാണ് പെണ്ൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഗർഭിണിയായതോടെ ഇയാൾ പെൺകുട്ടിയെ ഉപേക്ഷിച്ചു. ഗർഭസ്ഥശിശുവിനെ ഇല്ലാതാക്കുന്നതിനായി പെൺകുട്ടിയും കുടുംബവും ശ്രമിച്ചിരുന്നു. ഗർഭം അലസിപ്പിക്കാനായുള്ള പെൺകുട്ടിയുടെ അപേക്ഷ ബറേലി കോടതി രണ്ടു പ്രാവശ്യവും പിന്നീട് അലഹാബാദ് ഹൈക്കോടതിയും തള്ളി. പിന്നീട് മെഡിക്കൽ ഒാഫീസറോട് ഇവരുടെ കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ കോടതി അറിയിച്ചിരുന്നു. എന്നാൽ നശിപ്പിക്കാൻ പറ്റാത്ത തരത്തിൽ ഭ്രൂണം വളർന്നതായും ഗർഭം അലസിപ്പിക്കുന്നത് പെൺകുട്ടിയുടെ ജീവന് ഭീഷണിയാകുമെന്നും മെഡിക്കൽ ഒാഫീസർ റിപ്പോർട്ട് നൽകുകയായിരുന്നു. അതേസമയം ആശുപത്രിയില്‍ വേണ്ടത്ര സൌകര്യങ്ങള്‍ ഇല്ലാത്തത് കാരണമാണ് പെണ്‍കുട്ടിക്ക് സഹായം നല്‍കാത്തത് എന്നാണു ഹെൽത്ത് സെന്ററിലെ ജീവനക്കാര്‍ പറയുന്നത്.