ജയരാജന്‍ 30 ലക്ഷം കൈക്കൂലി വാങ്ങി എന്ന വെളിപ്പെടുത്തലുമായി സുരേന്ദ്രന്‍
രാജിവെച്ച വ്യവസായമന്ത്രി ഇ പി ജയരാജന്‍ 30 ലക്ഷം കൈക്കൂലി വാങ്ങി എന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ജയരാജനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാറിന് മുന്‍പാകെ ഹാജരായാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്. പൊതുമേഖലാ സ്ഥാപനമായ റുട്ട്‌റോണിക്‌സില്‍ 2 എന്‍ജിനീയര്‍മാരെയും രണ്ട് സൂപ്പര്‍വൈസര്‍മാരെയും നിയമിച്ച വകയില്‍ 30 ലക്ഷം രൂപ ജയരാജന്‍ കൈക്കൂലി വാങ്ങിയെന്നാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്. കൂടാതെ വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ മകന്റെ ഭാര്യാപിതാവ് അശോക് കുമാറിനെ ക്ലേയ്‌സ് അന്‍ഡ് സെറാമിക്‌സ് എംഡിയായി തുടരാന്‍ അനുവദിച്ചതിലും, കെഎസ് ഡിപി എംഡിയായി നിരവധി ആരോപണങ്ങള്‍ നേരിട്ട കെ ബി ജയകുമാറിനെ സിഡ്‌കോ എംഡിയാക്കിയതിലും, ആശാപുര ക്ലേ കമ്പനിയുടെ എംഡിയായിരുന്ന സതീഷിനെ കുണ്ടറ ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് എംഡിയാക്കി നിയമിച്ചതിലും അഴിമതി നടന്നിട്ടുണ്ടെന്ന് സുരേന്ദ്രന്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. അതുപോലെ വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളില്‍ ജയരാജന്‍ നടത്തിയ നിയമനങ്ങളെല്ലാം തന്നെ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ സുരേന്ദ്രന്‍ പറഞ്ഞു.