സ്വന്തം മകളെ നിരന്തരം പീഡിപ്പിച്ച അച്ഛന് 1,503 വര്‍ഷം ജയില്‍വാസം

child-abuse-ge കൌമാരക്കാരിയായ സ്വന്തം മകളെ നാല് വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരുന്ന അച്ഛന് കോടതി നല്‍കിയത് 1,503 വര്‍ഷത്തെ  ജയില്‍വാസം. യുഎസ്സിലെ കാലിഫോര്‍ണിയയിലാണ് സംഭവം. ഫ്രസ്‌നോ സുപീരിയര്‍ കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നീണ്ടകാലത്തെ ശിക്ഷ വിധിക്കുന്നത്. 41 കാരനായ പിതാവ് കൗമാരക്കാരിയായ മകളെ നാല് വര്‍ഷത്തോളമാണ് നിരന്തരമായി പീഡിപ്പിച്ചത്. കുടുംബ സുഹൃത്തായ ഒരാളാണ്  പെണ്‍കുട്ടിയെ  ആദ്യം പീഡിപ്പിച്ചത്. ഇതറിഞ്ഞ അച്ഛനും  പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.  2009 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ആഴ്ചയില്‍ മൂന്നോ നാലോ തവണ പീഡനം തുടര്‍ന്നതായി കുട്ടി പറയുന്നു. എന്നാല്‍ തന്‍റെ  23ാം വയസ്സിലാണ് പെണ്‍കുട്ടി പീഡന വിവരം കോടതിയില്‍ തുറന്ന് പറയുന്നത്. കേസ് കോടതിയില്‍ എത്തിയപ്പോള്‍ 13 വര്‍ഷത്തെ തടവിനാണ് പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍ സ്വന്തം മകളെ പീഡിപ്പിച്ചിട്ടും പിതാവിന് യാതൊരുവിധ കുറ്റബോധവും ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയം. തന്റെ പ്രവൃത്തിയില്‍ കുറ്റബോധമുണ്ടെന്ന് കോടതിയില്‍ തുറന്ന് പറയാന്‍ തയ്യാറായാല്‍ 13 വര്‍ഷം മാത്രം തടവ് അനുഭവിച്ചാല്‍ മതിയായിരുന്നു. പിന്നീട് വിചാരണയ്ക്ക് എത്തിയപ്പോള്‍ തെറ്റ് സമ്മതിച്ച് ക്ഷമ ചോദിച്ചാല്‍ 22 വര്‍ഷത്തെ തടവ് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. എന്നാല്‍ ഇതിനും പ്രതി സമ്മതിക്കാത്ത സാഹചര്യത്തിലാണ് നീണ്ടകാലത്തെ ശിക്ഷയ്ക്ക് വിധിച്ചത്.