കാശ്മീരില്‍ മൂന്ന് സ്കൂളുകള്‍ കത്തിനശിച്ചു ; പിന്നില്‍ അട്ടിമറി
ശ്രീനഗര്‍ : കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് വ്യത്യസ്ത ഇടങ്ങളില്‍ ഉള്ള സ്കൂളുകള്‍ കത്തിനശിച്ചത്. ആഷ്മുഖത്തെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച ഉച്ചക്ക് കാബാമാര്‍ഗിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലും തീപിടിത്തമുണ്ടായി. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് തീയണച്ചത്. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ ആക്രമണത്തിന്റെ മറവില്‍ കാശ്മീരിലെ സ്കൂളുകള്‍ തകര്‍ക്കുവാന്‍ ചിലര്‍ ശ്രമിച്ചുവരികയാണ് എന്ന് വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.അതുകൊണ്ടുതന്നെ ഈ സംഭവങ്ങള്‍ എല്ലാം തന്നെ അട്ടിമറിയിലെയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്കൂളുകള്‍ നശിപ്പിച്ചതിന് ശേഷം താഴ്വരയില്‍ മദ്രസ പഠനം നടപ്പില്‍ വരുത്തുവാനുള്ള ശ്രമം ഏറെനാളായി നടന്നുവരുന്ന ഒന്നാണ്.ഹിസ്ബുല്‍ മുജാഹിദീന്‍ കമാണ്ടര്‍ർ ബുര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു ശേഷം നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് താഴ്‍വരയിലെ സ്കൂളുകളില്‍ പലതും അടച്ചിട്ടിരിക്കുകയാണ്. വിവിധ ഭീകരസംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ മിക്ക സ്‍കൂളുകളും സൈന്യത്തിന്‍റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.