ഇന്ത്യയില്‍ നോട്ടുകളുടെ നിരോധനം പാക്കിസ്ഥാന് 500 കോടിയുടെ നഷ്ടം
500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ കള്ളപ്പണക്കാരെ മാത്രമല്ല അയല്‍രാജ്യമായ പാക്കിസ്ഥാനെയും ആപ്പിലാക്കി എന്ന് വാര്‍ത്തകള്‍. ഇന്ത്യയില്‍ പ്രചരിക്കുന്ന കള്ളനോട്ടുകളില്‍ കൂടുതലും പാക് ചാര സംഘടനയായ ഐഎസ്‌ഐ ആണ് അച്ചടിച്ച് ഇന്ത്യയില്‍ എത്തിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതില്‍ അവര്‍ക്ക് പ്രതിവര്‍ഷം 500 കോടി രൂപയുടെ ലാഭമാണ് ഉണ്ടാകുന്നത്. ഐബി, റോ തുടങ്ങിയ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പാകിസ്താനില്‍ അച്ചടിക്കുന്ന ഇന്ത്യന്‍ നോട്ടുകളുടെ മുഖവിലയുടെ 30-40 ശതമാനം വെച്ച് ഐഎസ്ഐയ്ക്ക് ലഭിക്കുന്നതായാണ് കണക്ക്. പുറം രാജ്യത്തുനിന്ന് 2010ല്‍ ഇന്ത്യയിലെത്തിയത് ആകെ 1,600 കോടിയുടെ വ്യാജനോട്ടുകളാണെന്നാണ് റിപ്പോർട്ട്. ഈ പണം ഇന്ത്യയില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരേസമയം ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താറുമാറാക്കാനും ഇതിലൂടെ സാധിക്കും. 1000 രൂപയുടെ നോട്ട് അടിക്കാന്‍ റിസര്‍വ് ബാങ്കിന് 29 രൂപയാണ് ചെലവാകുന്നത്. 1000 രൂപയുടെ ഒരു കള്ളനോട്ട് അച്ചടിക്കുമ്പോള്‍ ഐഎസ്ഐയ്ക്ക് 39 രൂപ ചെലവുവരുന്നുണ്ടെന്നാണ് വിവരം. ഇത്തരം ഒരു 1000 രൂപ നോട്ട് പല വഴികളിലൂടെ ഇന്ത്യയുടെ വ്യത്യസ്ത സ്ഥലങ്ങളിലെത്തിച്ച് വിതരണം ചെയ്യുന്ന പ്രക്രിയയ്ക്ക് 350 മുതല്‍ 400 രൂപവരെ ചിലവാകും. തൊണ്ണൂറുകള്‍ മുതല്‍ക്കുതന്നെ ഇന്ത്യയിലേയ്ക്ക് പാകിസ്താന്‍ ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ കള്ളനോട്ടുകള്‍ കടത്തുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.എന്നാല്‍ ഇത് തടയുവാനുള്ള ശ്രമങ്ങള്‍ പലതും പരാജയപ്പെടുകയായിരുന്നു.