നോട്ട് ക്ഷാമം പരിഹരിക്കാന്‍ പള്ളിയിലെ ഭണ്ഡാരപ്പെട്ടി ജനത്തിനുവേണ്ടി തുറന്നിട്ട്‌ ഒരു വൈദികന്‍

wedfwefകൊച്ചി : സര്‍ക്കാര്‍ 500,1000 രൂപാ നോട്ടുകള്‍ നിരോധിച്ചത് കാരണം ജനങ്ങള്‍ നല്ലതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ് ഇപ്പോള്‍. കയ്യിലുള്ള പണം മാറ്റിവാങ്ങുവാന്‍ ബാങ്കുകളുടെ എല്ലാം മുന്‍പില്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ നീണ്ട ക്യൂവാണ്.രാജ്യമെങ്ങും നോട്ടിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. ഈ അവസരത്തില്‍ വ്യത്യസ്തമായ ഒരു സല്‍പ്രവര്‍ത്തി ചെയ്തിരിക്കുകയാണ് എറണാകുളം പൂക്കാട്ടുപടി തേവക്കല്‍ മാര്‍ട്ടിന്‍ ഡി പോറസ് പള്ളി വികാരി ജിമ്മി പൂച്ചക്കാട്ട് അച്ചന്‍. ജനങ്ങള്‍ക്കുള്ള നോട്ട് ക്ഷാമം പരിഹരിക്കാന്‍ പള്ളിയിലെ ഭണ്ഡാരപ്പെട്ടി ജനത്തിനുവേണ്ടി തുറന്നിട്ടിരിക്കുകയാണ് ഈ പള്ളിയില്‍.
“നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് ഇടവകയിൽ കഷ്ടപ്പെടുന്നവരുണ്ട്.അവശ്യസാധങ്ങൾ വാങ്ങാൻപോലും പണമില്ലാതെ ബുദ്ധിമട്ടുന്നവരെ കണ്ടു. എ ടി എം ലോബാങ്കിലോ പോകാനറിയാത്തവർ പോലുമുണ്ട്. പള്ളിയിലെ നേർച്ചപ്പെട്ടികൾ തുറന്നിട്ടിരിക്കുകയാണ്. നിങ്ങൾക്ക് ആവശ്യമുള്ള പണം അതിൽ നിന്നും എടുക്കാം. പകരം പണമൊന്നും ഇടേണ്ടതില്ല. പണം ലഭിക്കുന്ന മുറക്ക് തിരികെ പെട്ടിയിലിട്ടാൽ മതി”. അച്ചന്റെ അറിയിപ്പ് വന്നതോടെ വിശ്വാസികളുടെ തിരക്കായി.വൈകുന്നേരത്തോടെ രണ്ടു ഭണ്ഡാരവും കാലി. പാവപ്പെട്ടവര്‍ക്ക് അരി വാങ്ങാന്‍ കാശില്ലാത്തപ്പോള്‍ ഭണ്ടാരത്തില്‍ കാശ് കിടന്നിട്ട് എന്തുകാര്യം എന്നാണു ഇദ്ദേഹം ചോദിക്കുന്നത്.സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവായ ജിമ്മി അച്ചന്‍, സഭയുടെ മതബോധന കമ്മീഷന്‍ സെക്രട്ടറി കൂടിയാണ്. പ്രഭാഷകനും ഗ്രന്ഥകാരനുമാണ്. നാട് ഒരു പ്രതിസന്ധി നേരിടുമ്പോള്‍ “എല്ലാവര്ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിച്ചു കൊള്ളാം “ എന്ന് പറയുന്നതിന് അപ്പുറത്ത് അവിടെ ക്രിയാത്മകമായി എങ്ങനെ ഇടപെടാം എന്ന ചിന്ത ഉണ്ടാകുന്നത് നല്ല കാര്യമാണ്.അതാണ്‌ ഉണ്ടാകേണ്ടതും. ഇത്തരം മാതൃകകള്‍ മറ്റു പള്ളികള്‍ക്കും , മറ്റു മതസ്ഥാപനങ്ങള്‍ക്കും അനുകരിക്കാവുന്ന ഒന്നാണ്.