ജയ്‌ഹിന്ദ് ചാനല്‍ കാശ് നല്‍കിയില്ല ; ആത്മഹത്യാ ഭീഷണി മുഴക്കി സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി
കോഴിക്കോട് : കടക്കെണിയിലാണ് എന്നും തനിക്ക് ലഭിക്കേണ്ട കാശ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും അങ്ങനെയെങ്കില്‍ അതിനു ഉത്തരവാദികള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ ആയിരിക്കുമെന്നും എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. കോണ്ഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവിയിൽ പരമ്പര ചെയ്ത വകയിൽ 26,96,640 രൂപ തരാനുണ്ടെന്നും കടക്കാർ തനിക്കെതിരെ കോടതിയെ സമീപിച്ചാൽ ആത്മഹത്യ മാത്രമേ വഴിയൂള്ളൂ എന്നും തമ്പി പറയുന്നു. സമകാലിക മലയാളം വാരികയില്‍ കെ.ആര്‍ മീര എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരന്‍ തമ്പി സുധീരനെഴുതി വെച്ച കത്തിനെക്കുറിച്ച് വ്യക്തമാക്കുന്നത്.
കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ :
പ്രിയപ്പെട്ട വി.എം സുധീരന്, ജയ്ഹിന്ദ് ടിവി എന്റെ പരമ്പര സംപ്രേക്ഷണം ചെയ്ത വകയില്‍ കരാര്‍ പ്രകാരം എനിക്ക് 26,96,640 രൂപ തരാനുളളത് ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകള്‍ക്ക് മറുപടി അയക്കാനുളള മര്യാദപോലും താങ്കള്‍ കാണിച്ചിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ താങ്കള്‍ക്കും എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്പര നിര്‍മ്മിച്ചത്. ഇന്നുവരെയുളള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വി.എം സുധീരന്‍, എം.എം ഹസന്‍,കെ.പി മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍.