വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഉപദേശക സമിതി നിലവില്‍ വന്നു
ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ്വര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ള്യു.എം.എഫ്) എന്ന ആഗോള സംഘടനയുടെ ഉപദേശക സമിതി നിലവില്‍ വന്നതായി സംഘടനയുടെ ഗ്ലോബല്‍ കോര്‍ കമ്മിറ്റി അറിയിച്ചു. സംഘടന ഇതിനോടകം 40 രാജ്യങ്ങളില്‍ ഭാരവാഹികളുടെ നിര്‍ണ്ണയവും പ്രവര്‍ത്തനങ്ങളുടെ കരട് രേഖയും അവതരിപ്പിച്ചു കഴിഞ്ഞു.
കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് രൂപികരിച്ചിരിക്കുന്നത്. നയരൂപീകരണങ്ങളിലും, സാമൂഹികവും, സാംസ്‌കാരികവുമായ മേഖലകളിലും, ജീവകാരുണ്യ പദ്ധതികളിലും പുതിയ സമിതി സംഘടനയെ സഹായിക്കുന്നതോടൊപ്പം സംഘടനയുടെ രക്ഷാധികാരികളായി പ്രവര്‍ത്തിക്കുകയും ചെയ്യും.
പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.